വീട്ടിലെ വോട്ട്: പേരാവൂരിലെയും പയ്യന്നൂരിലെയും പരാതി തള്ളി കലക്ടർ

കണ്ണൂർ: പേരാവൂരിലെയും പയ്യന്നൂരിലെയും വീട്ടിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട യു.ഡി.എഫിന്റെ പരാതി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ തള്ളി. വീട്ടിലെ വോട്ടിൽ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും കലക്ടർ അറിയിച്ചു. മൈക്രോ ഒബ്‌സര്‍വര്‍, പോളിങ് ഓഫിസര്‍, വോട്ടര്‍, സഹായി വോട്ടര്‍ എന്നിവരുടെ മൊഴിയെടുത്തതില്‍നിന്നും വിഡിയോ പരിശോധിച്ചതില്‍ നിന്നും ഇക്കാര്യത്തില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായതായി ഇതുസംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയ പേരാവൂര്‍ അസി. റിട്ടേണിങ് ഓഫിസറായ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എസ്. വൈശാഖ് റിപ്പോര്‍ട്ട് നല്‍കിയതായും കലക്ടര്‍ അറിയിച്ചു.

പേരാവൂര്‍ ബംഗ്ലക്കുന്നിലെ 123 നമ്പര്‍ ബൂത്തിലെ വോട്ടറായ 106 വയസ്സുകാരി എറക്കോടൻ ഹൗസിൽ കല്യാണിയുടെ വീട്ടില്‍ 20ന് ഉച്ചയോടെയാണ് സ്‌പെഷല്‍ പോളിങ് ടീം ചെന്നത്. പോളിങ് സ്‌റ്റേഷന്‍ പരിധിയിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യവും മുന്‍കൂട്ടി അറിയിച്ച് ഉറപ്പുവരുത്തിയിരുന്നു. ഈസമയം വോട്ടറുടെ മകളും അടുത്ത ബന്ധുവും അവിടെ ഉണ്ടായിരുന്നു. വോട്ടറുടെ മകള്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വോട്ടറും മകളും അടുത്ത ബന്ധുവിനെ സഹായിയായി നിര്‍ദേശിക്കുകയാണുണ്ടായത്.

1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 40 പ്രകാരം പ്രിസൈഡിങ് ഓഫിസര്‍ക്ക് ബോധ്യപ്പെടുന്നപക്ഷം യഥാര്‍ഥ വോട്ടര്‍ ആഗ്രഹിക്കുകയാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും സഹായി വോട്ടറായി പ്രവര്‍ത്തിക്കാവുന്നതാണ്. പയ്യന്നൂരില്‍ കോറോം വില്ലേജിലെ മാധവന്‍ വെളിച്ചപ്പാടിന്റെ വോട്ട് ചെയ്തത് സംബന്ധിച്ച പരാതിയിലും തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 18ന് വൈകീട്ട് മൂന്നരയോടെയാണ് പോളിങ് ടീം ഈ വീട്ടില്‍ എത്തിയത്.

വോട്ടര്‍ക്ക് പ്രായാധിക്യം കാരണം സഹായിയെ വേണമെന്ന് ആവശ്യപ്പെട്ടപ്രകാരമാണ് ഇ.വി. സുരേഷ് എന്നയാളെ സഹായി വോട്ടറായി അനുവദിച്ചത്. ഇതുസംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട രേഖകളില്‍ വോട്ടര്‍ വിരലടയാളം നല്‍കുകയും ചെയ്തിട്ടുണ്ട്. വോട്ടിങ് നടപടികളുടെ വിഡിയോ പരിശോധിക്കുകയും മൈക്രോ ഒബ്‌സര്‍വര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത് അസി. റിട്ടേണിങ് ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് ജോണ്‍ റിപ്പോര്‍ട്ട് കൈമാറിയതായും ജില്ല കലക്ടര്‍ അറിയിച്ചു. കല്യാശ്ശേരിയിലും കണ്ണൂരിലും കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിക്കുകയും കൂടുതൽ നടപടികൾ സ്വീകരിക്കുക‍യും ചെയ്തിരുന്നു. പിന്നാലെയാ‍ണ് ജില്ലയിലെ വിവിധയിടങ്ങളിൽ കൂടുതൽ കള്ളവോട്ട് ആരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നത്.

Tags:    
News Summary - Vote at home: Peravoor and Payyannur complaints dismissed by Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.