കണ്ണൂർ: കടുവയും പുലിയും തുടർച്ചയായി കാടിറങ്ങുന്നതിനാൽ ഭീതിപ്പുറത്താണ് നാട്ടുകാരുടെ ജീവിതം. മലയോരമേഖലയിൽ കാട്ടാനക്കൊപ്പം മറ്റു വന്യമൃഗങ്ങളും ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിയതോടെ സ്വൈരജീവിതം നഷ്ടമായിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെ ആറളം ഫാമിൽ കടുവ പശുവിനെ കൊന്നു തിന്നതോടെ ജനം വീണ്ടും ഭയപ്പാടിലാണ്.
കഴിഞ്ഞയാഴ്ച മലയോരത്തെ വിറപ്പിച്ച് ആറളം ഫാമിലേക്ക് കടന്ന കടുവയാണ് പശുവിനെ കൊന്നതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പുലര്‍ച്ച ആയിത്തറയിൽ ടാപ്പിങ് തൊഴിലാളികള്‍ പുലിയെ കണ്ടതോടെ മലയോരവും കടന്ന് പുലി നാടിറങ്ങുന്ന ഭീതിയിലാണ് നാട്ടുകാർ.
കഴിഞ്ഞദിവസം മട്ടന്നൂർ നഗരസഭയിലെ ശിവപുരത്തിനടുത്തെ അയ്യല്ലൂരിൽ പുലിയെ കണ്ടെത്തിയിരുന്നു. കുറുനരിയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്.
നേരത്തേ ഉളിക്കല്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ നാടിനെ വിറപ്പിച്ച് ആറളം ഫാമിലേക്ക് കയറിയത് വനം വകുപ്പിനെയും നാട്ടുകാരെയും ചില്ലറയൊന്നുമല്ല വലച്ചത്. പായം, അയ്യംകുന്ന്, ആറളം മേഖലകളെ ഭീതിയിലാക്കിയാണ് കടുവ വിലസിയത്. കടുവ ഭീഷണിയിൽ ഫാം തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്.
ഏരുവേശ്ശി പുറഞ്ഞാണിയും വഞ്ചിയം പഞ്ഞിക്കവലയും പുലിപ്പേടിയിലായിരുന്നു. പഞ്ഞിക്കവലയിൽ ഗര്‍ഭിണിയായ ആടിനെ കടിച്ചുകൊന്നത് കഴിഞ്ഞയാഴ്ചയാണ്. കാട്ടിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വരുമ്പോഴാണ് പുലിയും കടുവയും നാടുകയറുന്നതെന്നാണ് കരുതുന്നത്. കാടുവഴി വരുന്ന ചരക്കുവാഹനങ്ങളിൽ കയറിപ്പറ്റി നാട്ടിലെത്തുന്നവരുമുണ്ട്. കടുവയും പുലിയും നാടിറങ്ങുന്നതോടെ റബർ ടാപ്പിങ് അടക്കമുള്ള ജോലികൾക്ക് പോകാനാവാത്ത സ്ഥിതിയാണ് നാട്ടുകാർക്ക്.
അഞ്ചുകൊല്ലം മുമ്പ് കണ്ണൂർ നഗരത്തിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ പുലിയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് മാരകമായി പരിക്കേറ്റിരുന്നു. കണ്ണൂർ സിറ്റിയിലെ തായത്തെരു എൽ.പി സ്കൂളിനു സമീപം കണ്ട പുലിയെ ജനം പിന്തുടർന്നതോടെ തായത്തെരു റെയിൽവേ മേൽപാലത്തിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് കടക്കുകയായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷം മയക്കുവെടി വെച്ചാണ് പുലിയെ കീഴടക്കിയത്. ഇത് വളർത്തുപുലിയാണെന്നും സംശയമുണ്ടായിരുന്നു.
പേരാവൂർ: കാഞ്ഞിരപ്പുഴ ഓലിയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. ഓലിയിൽ അലക്കിക്കൊണ്ടിരി ക്കുന്നതിനിടെ പുലി നടന്നുപോകുന്നത് കണ്ടതായാണ് സമീപവാസി പറഞ്ഞത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂർ: മയ്യിലിലും പുലിയെ കണ്ടതായി അഭ്യൂഹം.
മയ്യിൽ മുല്ലക്കൊടി അറക്കാവ് പരിസരത്താണ് കുട്ടി പുലിയെ കണ്ടതായി വനംവകുപ്പിനെ വിവരമറിയിച്ചത്. തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നാട്ടുകാർ പരിഭ്രമിക്കേണ്ടെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ ആയിത്തറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. ആയിത്തറ കമ്പനിക്കുന്നിന്റെ അടിവാരത്ത് റബർതോട്ടത്തിലാണ് വെള്ളിയാഴ്ച പുലർച്ചെയോടെ പുലിയെ കണ്ടത്. പടിഞ്ഞാറെ വയൽ ഭാഗത്ത് കുറുമാണി മുകുന്ദന്റെ വീടിനു സമീപത്തെ റബർതോട്ടത്തിലാണ് പുലിയെ കണ്ടത്. റബർ ടാപ്പിങ് തൊഴിലാളികളായ ജോസും ഭാര്യ കുഞ്ഞുമോളും ജോലിക്കിടയിലാണ് പുലിയെ കണ്ടത്.
ചെങ്കുത്തായ ഇറക്കമുള്ള തോട്ടത്തിലേക്ക് പുലി കയറി വരുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. തലയിൽ ഫിറ്റ് ചെയ്ത ടോർച്ച് വെട്ടത്തിലാണ് ഇരുവരും പുലിയെ കാണുന്നത്. നല്ല ഉച്ചത്തിൽ മുരണ്ടുകൊണ്ട് പുലി വരുകയും ഇവരെ നോക്കി മുരണ്ടുകൊണ്ട് ഓരോ തട്ടും ചാടിക്കടന്ന് മേലേക്കു കയറിപ്പോവുകയുമായിരുന്നുവെന്ന് ജോസും കുഞ്ഞുമോളും വനം ഉദ്യോഗസ്ഥരോട് പറഞ്ഞു.
പുലിയെ വ്യക്തമായി കണ്ടതായാണ് ഇരുവരും പറയുന്നത്. ഇതിനിടയിൽ ആയിത്തറ പാലത്തിനു സമീപം റോഡരികിൽ പൂച്ചയുടെ തല ഭാഗം മാത്രം പുലർച്ചെ കണ്ടെത്തിയിട്ടുണ്ട്. ടാപ്പിങ്ങിനായി ഇറങ്ങിയ സി. സുനീഷാണ് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടത്.
കൂത്തുപറമ്പ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ആയിത്തറയിലും പരിസരത്തുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, കൂടുതൽ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹമുണ്ട്. പലയിടത്തും പുലിവാർത്ത പരക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരം വ്യാജവാർത്തകളും പ്രചരിക്കുന്നത്. പുന്നാടും മാമ്പ്രത്തും പുലിയെ കണ്ടതായി വ്യാജവാർത്തയുണ്ടായി. നേരത്തേ പുതിയങ്ങാടിയിൽ പുലിയിറങ്ങിയതായി അഭ്യൂഹമുണ്ടായിരുന്നു. പിന്നീട് ഇത് വ്യാജപ്രചാരണമാണെന്ന് കണ്ടെത്തിയിരുന്നു.
കാട്ടുപൂച്ചയെ കാണുന്നവരും പുലിയെ കണ്ടതായി പറയുന്നതായി ആക്ഷേപമുണ്ട്. രാത്രിയിൽ പുലി സഞ്ചരിക്കുന്ന പഴയ വിഡിയോകൾ ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്നവരുമുണ്ട്. അഴീക്കോടും പുലിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. കാടുമൂടിയ കനാലുകളിലും കുറ്റിക്കാടുകളിലും പുലിയെ കണ്ടതായാണ് പലയിടത്തും പ്രചാരണം.
കേളകം: ആറളം ഫാമിലെ കൃഷിയിടത്തിൽ ഒളിഞ്ഞിരുന്ന കടുവ കറവപ്പശുവിനെ കൊന്നു. ഫാമിൽ കടുവയുടെ സാന്നിധ്യം രണ്ടാഴ്ച മുമ്പ് തിരിച്ചറിഞ്ഞിരുന്നു. പിന്നീട് കടുവയുടെ സാന്നിധ്യം എവിടേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കടുവ ഫാമിന്റെ കൃഷിയിടത്തിൽനിന്നും പുരധിവാസ മേഖല വഴി വനത്തിലേക്ക് കടന്നിരിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് വളർത്തുമൃഗത്തിനുനേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഫാം ആറാം ബ്ലോക്കിൽ പാടിയിൽ താമസിച്ചിരുന്ന എൻ.എച്ച്. അസീസിന്റെ ഏഴു വയസ്സുള്ള ആറുമാസം ഗർഭിണിയായ പശുവിനെയാണ് കഴിഞ്ഞ രാത്രി കൊന്നത്.
അസീസ് മുമ്പ് താമസിച്ചിരുന്ന പാടിയിലെ തൊഴുത്ത് ഒരു മാസം മുമ്പ് കാട്ടാന തകർത്തിരുന്നു. ഇതോടെ പശുവിനെ തൊഴുത്തിൽ കെട്ടാറുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാത്രി ഫാം നാലാം ബ്ലോക്കിലെത്തിയ പശു മരച്ചുവട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കടുവ എത്തി കടിച്ചുകൊന്നതാണെന്നാണ് സംശയിക്കുന്നത്. പശു വിശ്രമിച്ച സ്ഥലത്തുനിന്നും 30 മീറ്ററോളം മാറി ഇതിനെ കടിച്ചുവലിച്ച് കൊണ്ടു പോയനിലയിൽ വഴി നീളെ ചോരപ്പാടുകളും കണ്ടെത്തി.
രണ്ടു ക്വിന്റലോളം തൂക്കംവരുന്ന പശുവിനെ 30 മീറ്ററോളം വലിച്ചിഴച്ചു. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. ശരീരമാകെ കടുവയുടെ നഖപാടുകളും ഉണ്ട്.
പശുവിന്റെ പിറകുവശമാണ് ഭക്ഷിച്ചത്. ബാക്കിഭാഗം അവിടെ ഉപേക്ഷിച്ച നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ബ്ലോക്ക് നാലിലെ സൂപ്പർവൈസർ വി.എസ്. സായി തൊഴിലാളികൾക്കൊപ്പം എത്തിയപ്പോഴാണ് പശുവിന്റെ ജഡം കണ്ടെത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കടുവയുടെ ആക്രമണത്തിലാണ് പശു കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
ഫാം സ്കൂളിൽ നിന്നും 500 മീറ്റർ അകലെ ഫാം ആദിവാസി മേഖലയിൽനിന്നും ഒരു കിലോമീറ്റർ അകലത്താണ് കടുവ പശുവിനെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.