കണ്ണൂർ ജില്ലയിൽ കനത്തുപെയ്യുന്ന മഴ ഒട്ടും ശമിച്ചില്ല. നാശനഷ്ടങ്ങളും തുടരുകയാണ്. തളിപ്പറമ്പിൽ തോട്ടിൽ വീണ് വയോധിക മരണപ്പെട്ടു. ഇത്തവണ കാലവർഷക്കെടുതിയിൽ അഞ്ചാമത്തെ മരണമാണിത്. രണ്ടു വീടുകൾ പൂർണമായി തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തളിപ്പറമ്പിൽ 37 വീടുകളും തലശ്ശേരി താലൂക്കിൽ 28 വീടുകളും പയ്യന്നൂർ താലൂക്കിൽ 22 വീടുകളും ഇരിട്ടി താലൂക്കിൽ 15 വീടുകളും തകർന്നു. നാലു ദിവസത്തിനിടെയാണ് ഇത്രയും വീടുകൾക്ക് നാശമുണ്ടായത്
ശ്രീകണ്ഠപുരം: കർക്കടകത്തിൽ കാലവർഷം തിമിർത്തു പെയ്തതോടെ പ്രളയഭീതിയിൽ മലയോരം. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായിട്ടുണ്ട്. കൃഷിനാശവും മരം പൊട്ടിവീണ് വൈദ്യുതി മുടക്കവുമുണ്ടായിട്ടുണ്ട്. വളപട്ടണം പുഴ കരകവിഞ്ഞതിനാൽ സമീപ പ്രദേശങ്ങളിൽ വയലുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
വാഴ, നെല്ല്, മരച്ചീനി എന്നിവയെല്ലാം പലയിടത്തും വെള്ളം കയറി നശിക്കുന്ന അവസ്ഥയിലാണ്. ശ്രീകണ്ഠപുരം, പൊടിക്കളം, ചെങ്ങളായി, മുങ്ങം, കൊവ്വപ്പുറം, തേർലായി, മലപ്പട്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീതിയുണ്ട്. ചെങ്ങളായി, പൊടിക്കളം വയലുകൾ വെള്ളത്തിനടിയിലാണുള്ളത്.
പൊടിക്കളം-മടമ്പം റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചെങ്കിലും പിന്നീട് റോഡിൽ നിന്ന് വെള്ളം ഇറങ്ങിയതിനാൽ ഗതാഗത തടസം നീങ്ങി. കോട്ടൂരിൽ നഗരസഭ സ്റ്റേഡിയവും വെള്ളത്തിനടിയിലായി. സംസ്ഥാന പാതയിൽ തുമ്പേനിയിലും വെള്ളം കയറിയെങ്കിലും പിന്നീട് ഇറങ്ങി.
പയ്യാവൂർ വണ്ണായിക്കടവ് പാലം വെള്ളത്തിനടിയിലായി. കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ പാലത്തിന്റെ പുതുതായി നിർമിച്ച കൈവരി തകർന്നു. ഇത്തവണയെങ്കിലും പ്രളയം വരല്ലേയെന്ന പ്രാർത്ഥനയിലാണ് ശ്രീകണ്ഠപുരത്തെയും ചെങ്ങളായിലെയും വ്യാപാരികൾ. ശ്രീകണ്ഠപുരം, ചെങ്ങളായി പുഴകൾ കരകവിഞ്ഞു തുടങ്ങിയതാണ് വ്യാപാരികളെ ആശങ്കയിലാക്കിയത്.
വഞ്ചിയം, കാഞ്ഞിരക്കൊല്ലി, ആടാംപാറ, പൊട്ടൻ പ്ലാവ്, ഒന്നാം പാലം, കുടിയാൻമല, മുന്നൂർ കൊച്ചി, പൈതൽ മല തുടങ്ങിയ മലമടക്കുകളിൽ മുൻകാലങ്ങളിലടക്കം ഉരുൾപൊട്ടലുണ്ടായതിനാൽ സമീപ സ്ഥലങ്ങളിലെ ജനങ്ങളും ഭീതിയിലാണ്.
ചക്കരക്കല്ല്: മഴ ശക്തമായതോടെ പ്രദേശങ്ങളിൽ വ്യാപക നാശം. ചക്കരക്കൽ കമ്മ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പം പരേതനായ പ്രവീൺ ഡ്രൈവറുടെ വീടാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. വീടിന്റെ മുൻവശം പൂർണമായും ഇടിഞ്ഞു വീണു.
അജിതയും കുടുംബവും രാത്രി തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചത്. അതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ശക്തമായ മഴയിൽ ഇരിവേരി പള്ളിമെട്ടയിൽ വിസ്മയ് നിവാസിൽ പ്രശാന്തിന്റെ വീട്ടുമതിൽ തകർന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. റോഡിനോട് ചേർന്നുള്ള ചെങ്കല്ല് കൊണ്ട് പണിത വലിയ മതിലാണ് ഇടിഞ്ഞു വീണത്. ചാമ്പാട് ഭാഗത്ത് പുഴയോട് ചേർന്നുള്ള ഭാഗങ്ങളിലെല്ലാം തന്നെ വെള്ളം കയറിയ നിലയിലാണുള്ളത്.
തളിപ്പറമ്പ്: വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയരുന്നു. ശക്തമായ കുത്തൊഴുക്ക് കാരണം പറശ്ശിനിക്കടവിൽ ബോട്ടുകൾ സർവീസ് നിറുത്തിവെച്ചു. മലയോര മേഖലകളിലും കർണാടക വനമേഖലയിലും ശക്തമായ മഴയും ഉരുൾ പൊട്ടലും ഉണ്ടായതിനെ തുടർന്നാണ് വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയരുന്നത്. ഇതിനെ തുടർന്ന് പുഴയോരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ജെട്ടിയിലും വെള്ളം കയറി ഒഴുക്ക് ശക്തമായതിനെ തുടർന്ന് പറശ്ശിനിക്കടവിലെ സർക്കാർ, സ്വകാര്യ ബോട്ടുകളെല്ലാം ഓട്ടം നിറുത്തിവെച്ചു. ജെട്ടിയിൽ അടുപ്പിച്ച ബോട്ടുകൾ വെള്ളം കയറുന്നതിനനുസരിച്ച് ജെട്ടിയിലെ തൂണിലും മറ്റും ഇടിക്കാനുള്ള സാധ്യതയും ഏറി.
അങ്ങനെയായാൽ ബോട്ടുകൾക്ക് കേടുപാടുകൾ പറ്റാനുള്ള സാധ്യത മുന്നിൽ കണ്ട് ജീവനക്കാർ ജാഗ്രതയോടെ ജെട്ടിയിൽ തന്നെ കനത്ത മഴയിലും കാവലിരിക്കുകയാണ്. വളപട്ടണം പുഴയിലെ ശക്തമായ ഒഴുക്കിൽ ബോട്ടുകൾ പുഴയുടെ ഗതിക്കനുസരിച്ച് പോയാൽ തിരികെ വരാൻ സാധിക്കാതെ ഒഴുക്കിൽപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബോട്ടുകൾ സർവീസ് നിറുത്തിവെച്ചതെന്ന് ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.