ഇരിട്ടി: ആറളം പാലത്തിനു സമീപം ജനവാസ മേഖലയിൽ എത്തിയ രണ്ടു കൊമ്പനാനകളെ 11 മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ വനപാലക സംഘം വനത്തിലേക്ക് തുരത്തി. ആറളം പാലത്തിനും ചാക്കാടിനും ഇടയിൽ പുഴത്തുരുത്തിലാണ് ശനിയാഴ്ച രാവിലെ ഏഴിന് ആനകളെ കണ്ടത്. പുഴയിൽ കുളിക്കാൻ എത്തിയവരാണ് ആദ്യം ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഉടൻ വനംവകുപ്പിനെ വിവരം അറിയിച്ചു. ആറളം വന്യജീവി സങ്കേതത്തിൽനിന്ന് 10 കി.മീ. അകലെയുള്ള പ്രദേശത്താണ് ആന എത്തിയത്. ഫാം പുനരധിവാസ മേഖലയും ആറളം ഫാമും കടന്നാണ് രണ്ടു കൊമ്പന്മാരും പുഴയോരത്ത് എത്തിയത്.
പുഴയുടെ ഇരു കരകളിലും നിരവധി വീടുകളുണ്ട്. പുഴയിലേക്ക് കുളിക്കാനും പശുക്കളെ മേയ്ക്കാനുമായി നിരവധി പേർ എത്താറുമുണ്ട്. ഈ ഭാഗത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചത്.
കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത്, ഇരിട്ടി ഫോറസ്റ്റർ കെ. ജിജിൽ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ ആർ.ആർ.ടിയും വാച്ചർമാരും നിലയുറപ്പിച്ചു. തുരുത്തിൽ ആനയുടെ ചലനം ഏറെനേരം നിരീക്ഷിച്ചശേഷം പതിനൊന്നോടെ തുരത്താൻ തുടങ്ങി. പുഴക്കരയിൽ പൊന്തക്കാടുകൾ ഉള്ളത് ശ്രമം ദുഷ്കരമാക്കി. പടക്കം പൊട്ടിച്ച് തുരുത്തിൽനിന്ന് മെല്ലെ പുറത്തേക്ക് കടത്താനായിരുന്നു ശ്രമിച്ചത്.
ഇതിനിടെ, രണ്ട് ആനകളും വനപാലക സംഘത്തിനുനേരെ തിരിഞ്ഞു. പുഴക്കരയിലെ കൂറ്റൻ മരത്തിൽ കയറി പടക്കം പൊട്ടിച്ച് ആറളം പാലത്തിന് അടിവശത്തുകൂടി തുരത്താനായിരുന്നു പദ്ധതി. ആദ്യ മൂന്നു തവണയും കുറച്ചു ദൂരം പിന്നിട്ടശേഷം ആനകൾ രണ്ടും ആദ്യം നിന്ന സ്ഥലത്തേക്കുതന്നെ തിരിഞ്ഞോടിയതോടെ ശ്രമം ദുഷ്കരമായി. ആറളം പാലത്തിനു മുകളിൽ നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഇരുവശങ്ങളിലേക്കും ജനങ്ങളെ മാറ്റിയശേഷം പാലത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
ഉച്ചക്ക് ഒരുമണി വരെയും ശ്രമം തുടർന്നെങ്കിലും ജനങ്ങളുടെ സാന്നിധ്യം തുരത്തലിന് വിഘാതമായി. പാലത്തിൽനിന്ന് ജനങ്ങളെ മാറ്റിയശേഷം ഉച്ചക്കുശേഷം മൂന്നിന് വീണ്ടും ശ്രമം തുടങ്ങി. ഏറെദൂരം മുന്നോട്ടുനീങ്ങിയ ആന പെട്ടെന്ന് വനപാലകർക്കുനേരെ തിരിയുകയും തിരിഞ്ഞോടുകയും ചെയ്തു. വൈകീട്ട് ആറിന് പാലത്തിന്റെ അടിവശത്തുകൂടി വനത്തിലേക്ക് തുരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.