കണ്ണൂർ: പുലിയും കടുവയുമൊക്കെ കാടിനോട് ചേർന്ന് ജീവിക്കുന്നവരുടെ മാത്രം ഭീതിയായിരുന്നു. എന്നാൽ, ഇപ്പോൾ നാടും നഗരവും വ്യത്യാസമില്ലാതെ പുലി ഭീതിയിലാണ്. ഒടുവിൽ, കണ്ണൂർ പുല്ലൂപ്പിയിൽ പുലിയെ കണ്ടതായി പ്രദേശവാസിയുടെ വെളിപ്പെടുത്തൽ മേഖലയിലുള്ളവരെ ഭീതിയിലാക്കിയിട്ടുണ്ട്. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് മലയോരവാസികൾക്ക് സ്ഥിരം കാഴ്ചയാണ്.
കഴിഞ്ഞ ദിവസം കൊട്ടിയൂർ പന്നിയാംമലയിൽ പശുക്കിടാവിനെ പുലി കടിച്ചുകൊന്നിരുന്നു. ഇവിടെ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞത് ഒന്നിലധികം പുലികളായിരുന്നു. മലയോരത്തിനൊപ്പം നഗരത്തോട് ചേർന്ന പ്രദേശങ്ങളിലും പുലിഭീതി ഉയരുന്നത് നാട്ടുകാരെയും വനംവകുപ്പിനെയും കുഴക്കുന്നുണ്ട്.
പുല്ലൂപ്പി ജെല്ലി കമ്പനിക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് പ്രദേശവാസി അൻസാരി പുലിയെ കണ്ടതായി പറഞ്ഞത്. ഇതേതുടർന്ന് നാട്ടുകാർ സംഘടിച്ച് പ്രദേശത്ത് തിരച്ചിൽ നടത്തി. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. കാണപ്പെട്ടത് പുലിയല്ലെന്നും കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നും വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നാട്ടുകാരുടെ പേടി മാറിയിട്ടില്ല.
കാട്ടുപൂച്ച ഒന്നിലേറെ തവണ ഒരേസ്ഥലത്ത് കാലുറപ്പിച്ചാൽ പുലിയുടേതിന് സമാനമായ കാൽപാതമുണ്ടാകാനും സാധ്യതയുണ്ട്. ജെല്ലിക്കമ്പനിക്ക് സമീപം നായയെയും ഏതോ ജീവി കൊന്നിരുന്നു.
വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ ജെല്ലിക്കമ്പനി പ്രദേശം കാടുപിടിച്ച നിലയിലാണ്. ഈ ഭാഗത്തോട് ചേർന്ന് വയലുമുണ്ട്. അടുത്ത് പുഴയുള്ളതിനാൽ പുലിയിറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സമീപത്ത് ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ കമ്പനിയോട് ചേർന്നാണ് തൊഴിലാളികൾക്ക് താമസസ്ഥലമൊരുക്കിയത്. പുലിയിറങ്ങിയെന്ന അഭ്യൂഹത്തിൽ തൊഴിലാളികളും ഭയപ്പാടിലാണ്.
അതേസമയം, പുലിയെ കണ്ടതായി വ്യാജവാർത്തകളും പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. പലയിടത്തും പുലിവാർത്ത പരക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്നുണ്ട്. രാത്രിയിൽ പുലി സഞ്ചരിക്കുന്ന പഴയ വിഡിയോകൾ ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്നവരുമുണ്ട്.
വർഷങ്ങൾക്ക് മുമ്പ് വീടിനകത്തുനിന്നും പുലിയെ പിടികൂടിയ കക്കാട് കുഞ്ഞിപ്പള്ളിയും പുല്ലൂപ്പിയും തമ്മിൽ കഷ്ടിച്ച് മൂന്ന് കിലോമീറ്റർ മാത്രമാണ് ദൂരം. 1991ലാണ് കക്കാടിനും കുഞ്ഞിപള്ളിക്കും ഇടിയിൽ പൂച്ചയെ ഓടിച്ചുവന്ന പുലി സമീപത്തെ വീട്ടിൽ കയറി കട്ടിനടിയിൽ ഇരിപ്പുറപ്പിച്ചത്.
അന്ന് മയക്കുവെടിവെച്ചാണ് പുലിയെ പിടികൂടിയത്. ആ സ്ഥലമിപ്പോൾ പുലിമുക്കെന്നാണ് അറിയപ്പെടുന്നത്. പുല്ലൂപ്പിയിൽ പുലിയിറങ്ങിയെന്ന അഭ്യൂഹം പരക്കുമ്പോൾ പുലിമുക്കിലുള്ളവർ പഴയ പുലിക്കഥ ഓർത്തെടുക്കുകയാണ്. അഞ്ച് കൊല്ലം മുമ്പ് കണ്ണൂർ നഗരത്തിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ പുലിയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് മാരകമായി പരിക്കേറ്റിരുന്നു.
കണ്ണൂർ സിറ്റിയിലെ തായത്തെരു എൽ.പി സ്കൂളിനു സമീപം കണ്ട പുലിയെ ജനം പിന്തുടർന്നതോടെ തായത്തെരു റെയിൽവേ മേൽപാലത്തിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് കടക്കുകയായിരുന്നു.
നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷം മയക്കുവെടി വെച്ചാണ് പുലിയെ കീഴടക്കിയത്. ഇത് വളർത്തുപുലിയാണെന്നും സംശയമുണ്ടായിരുന്നു.
മലയോരത്ത് ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ കേളകം പഞ്ചായത്തിലെ പൊയ്യ മല, വെണ്ടേക്കുംചാൽ, അടക്കത്തോട്, രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ് തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചി, പന്നിയാംമല, അമ്പയത്തോട്, ചപ്പമല, നെല്ലിയോടി തുടങ്ങിയ പ്രദേശങ്ങളിലും കടുവ, പുലി ഭീഷണിയുണ്ട്. രണ്ട് മാസം മുമ്പാണ് ആറളം ഫാമിൽ കടുവ പശുവിനെ കൊന്നുതിന്നത്.
മട്ടന്നൂർ നഗരസഭയിലെ ശിവപുരത്തിനടുത്തെ അയ്യല്ലൂരിൽ കഴിഞ്ഞ ഡിസംബറിൽ പുലിയെ കണ്ടെത്തിയിരുന്നു. കുറുനരിയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്.
നേരത്തെ ഉളിക്കല്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ നാടിനെ വിറപ്പിച്ച് ആറളം ഫാമിലേക്ക് കയറിയത് വനം വകുപ്പിനെയും നാട്ടുകാരെയും ചില്ലറയൊന്നുമല്ല വലച്ചത്.
പായം, അയ്യംകുന്ന്, ആറളം മേഖലകളെ ഭീതിയിലാക്കിയാണ് കടുവ വിലസിയത്. കടുവ ഭീഷണിയിൽ ആറളം ഫാം തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. പഞ്ഞിക്കവലയിൽ ഗര്‍ഭിണിയായ ആടിനെ കടിച്ചുകൊന്നതും കഴിഞ്ഞവർഷം അവസാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.