തലശ്ശേരി: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന 2024 കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമിൽ മലയാളി പെൺകുട്ടികളും. തലശ്ശേരി സായ് സ്പോർട്സ് സ്കൂളിലെ നിവേദ്യ എൽ. നായരും റീബ ബെന്നിയുമാണ് ഇന്ത്യക്കായി വാൾ വീശി ഫെൻസിങ്ങിൽ വെള്ളി മെഡൽ നേടിയത്.
നിവേദ്യ എൽ. നായർ, റീബ ബെന്നി എന്നിവരടുങ്ങുന്ന ഇന്ത്യൻ ടീം ഇവന്റിൽ വെള്ളി മെഡൽ നേടി. ഫൈനലിൽ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളി. 37-45 എന്നതായിരുന്നു സ്കോർ. സെമി ഫൈനലിൽ ആതിഥേയരായ ന്യൂസിലൻഡിനെ 45-37 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഫൈനലിൽ എത്തിയത്.
നിവേദിത എൽ. നായർ, റീബ ബെന്നി, രൂപാലി സാഹു, ഗുർ സിമ്രാൻ കൗർ, സെജൽ ഗുലിയ എന്നിവർ അടങ്ങുന്നതായിരുന്നു ഇന്ത്യൻ ടീം. ഇടുക്കി ജില്ലയിലെ രാജാക്കാട് എൻ.ആർ സിറ്റി സ്വദേശിനി നിവേദ്യ എൽ. നായർ വ്യക്തിഗത വിഭാഗത്തിൽ വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്. ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇ.പി.ഇ.ഇ വിഭാഗത്തിലാണ് നിവേദ്യക്ക് വെങ്കലം ലഭിച്ചത്. നിവേദ്യയുടെ മൂന്നാമത്തെ ഇന്റർനാഷനൽ മത്സരമായിരുന്നു ഇത്. ടീം ഇനത്തിൽ വെള്ളിയും വ്യക്തിഗത ഇനത്തിൽ വെങ്കലവും ലഭിച്ചത് ഇരട്ടി മധുരമാണെന്ന്
നിവേദ്യയുടെ മാതാപിതാക്കളായ വി.എസ്. ലതീഷും ദീപയും പറഞ്ഞു. ഫെൻസിങ്ങിൽ കേരളത്തെയാണ് നിവേദ്യ പ്രതിനിധികരിക്കുന്നത്. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് നിവേദ്യ. റീബ ബെന്നിയുടെ ആദ്യ ഇന്റർനാഷനൽ മത്സരമായിരുന്നു ഇത്. തലശ്ശേരി സായ് കേന്ദ്രത്തിലെ വിദ്യാർഥിയാണെങ്കിലും റീബ പ്രതിനിധികരിക്കുന്നത് ഛത്തീസ്ഗഡിനെയാണ്. റായ്പൂറിൽ സ്ഥിര താമസമാക്കിയ ചങ്ങനാശ്ശേരി കിഴക്കെ അറക്കൽ ബെന്നി ജേക്കബിന്റെയും വടശ്ശേരിക്കര മങ്ങാട്ട് റീന ചാക്കോയുടെയും മകളാണ് ഈ പതിനഞ്ചുകാരി. ആദ്യ ഇന്റർനാഷനൽ മത്സരത്തിൽ മെഡൽ നേടിയ സന്തോഷത്തിലാണ് റീബയുടെ മാതാപിതാക്കൾ. കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ശേഷം വ്യക്തിഗത എപ്പി ഇവന്റിൽ റീബ അന്താരാഷ്ട്രതലത്തിൽ ഒമ്പതാം സ്ഥാനത്താണ്. ഒമ്പത് വയസ്സ് മുതൽ റീബ ഫെൻസിങ് പരിശീലനം നടത്തുന്നുണ്ട്. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
തലശ്ശേരി സായി സ്പോർട്സ് സ്കൂളിൽ സാഗർ എസ്. ലാഗുവിനും അരുൺ രാജ്കുമാറിനും കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.