കണ്ണൂർ: മുസ്ലിംലീഗിെൻറ ജില്ല ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻറ്, സെക്രട്ടറിമാരുടെയും യോഗത്തിലേക്ക് ഒരുസംഘം യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചുകയറിയത് സംഘർഷം സൃഷ്ടിച്ചു. വിജിലൻസ് കേസിൽ ഉൾപ്പെട്ട നേതാക്കളെ സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത്.
ജില്ല കമ്മിറ്റി ഒാഫിസായ തെക്കിബസാറിലെ ബാഫഖി തങ്ങൾ സൗധത്തിലായിരുന്നു സംഭവം. ചന്ദ്രിക പത്രത്തിെൻറ കാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ഇൗ യോഗം നടന്ന ഹാളിലേക്കാണ് അമ്പതോളം പ്രവർത്തകർ ഇരച്ചുകയറിയത്. ജില്ല ഭാരവാഹികളെ ഇവർ ഏറെനേരം തടഞ്ഞുവെക്കുകയും ചെയ്തു.
കമ്പിൽ ആസ്ഥാനമായി രൂപവത്കരിച്ച എൻ.ആർ.ഇ റിലീഫ് സൊസൈറ്റിയുടെ പേരിൽ മണൽവാരുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് 10 നേതാക്കൾക്കെതിരെ വിജിലൻസ് ഏതാനും ദിവസം മുമ്പ് കേസെടുത്തത്. 43 ലക്ഷം രൂപയുടെ തിരിമറി നടന്നെന്ന പരാതിയിലാണ് കേസ്. വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ പ്രതിപ്പട്ടികയിലുള്ള എല്ലാവരും മാറി നിൽക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. കൈയാങ്കളി വരെ സംഘർഷമെത്തി. പരാതി അനുഭാവപൂർവം ചർച്ച െചയ്യാമെന്ന് ജില്ല പ്രസിഡൻറ് പി. കുഞ്ഞുമുഹമ്മദ് എഴുതി നൽകിയതോടെയാണ് സംഘർഷത്തന് അയവുവന്നത്.
പ്രചാരണം അടിസ്ഥാനരഹിതം –മുസ്ലിംലീഗ്
കണ്ണൂർ: ജില്ല മുസ്ലിംലീഗ് ഓഫിസിൽ ജനറൽ സെക്രട്ടറിയുൾപ്പെടെ ഏതാനും ജില്ല ഭാരവാഹികളെ തൽസ്ഥാനങ്ങളിൽനിന്ന് മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് സംഘർഷമുണ്ടായി എന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകൾക്ക് വിരുദ്ധവുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മാസങ്ങളായി തളിപ്പറമ്പിൽ നിലനിൽക്കുന്ന സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ല മുസ്ലിംലീഗ് കമ്മിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റിയുടെയും പോഷകഘടകങ്ങളുടെയും പ്രവർത്തനങ്ങൾ ജില്ല കമ്മിറ്റി മരവിപ്പിച്ചിരുന്നു. തുടർന്ന് പുതിയ കമ്മിറ്റികൾ രൂപവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടയിൽ ചന്ദ്രിക കാമ്പയിനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ കമ്മിറ്റി അനിവാര്യമാണെന്ന് ഒരുകൂട്ടം പ്രവർത്തകർ ഭാരവാഹികളെ കണ്ട് ആവശ്യപ്പെടുകയും അതിെൻറ അടിസ്ഥാനത്തിൽ മരവിപ്പിച്ച കമ്മിറ്റികൾ പുനരുജ്ജീവിപ്പിക്കുകയുമാണുണ്ടായത്. അല്ലാതെ അനിഷ്ട സംഭവങ്ങൾ യോഗത്തിലോ ഓഫിസിലോ ഉണ്ടായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.