വെള്ളരിക്കുണ്ട് (കാസർകോട്): സത്യപ്രതിജ്ഞക്കുശേഷം മുതിർന്ന അംഗം നേരെ പോയത് റേഷൻ ലോഡ് ഇറക്കാൻ. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏഴാം വാർഡിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ട കെ.കെ. തങ്കച്ചനാണ് സത്യപ്രതിജ്ഞ കഴിഞ്ഞ് ഉടൻ സ്വന്തം തൊഴിലിൽ വാപൃതനായത്. വള്ളിക്കടവ്, കാറ്റാം കവല എന്നിവിടങ്ങളിലെ റേഷൻ കടകളിലേക്കുള്ള അരിച്ചാക്കുകൾ ഇറക്കുകയായിരുന്നു അന്നത്തെ ജോലി.
െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ ആളെന്ന നിലയിൽ കെ.കെ. തങ്കച്ചനായിരുന്നു മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതുകഴിഞ്ഞ് ആദ്യ പഞ്ചായത്ത് യോഗത്തിലിരിക്കുമ്പോഴാണ് സഹപ്രവർത്തകൻ പുങ്ങംചാലിലെ പുഞ്ചവള്ളിയിൽ മോഹനൻ ഫോണിൽ വിളിക്കുന്നത്.
റേഷൻ സാധങ്ങൾ വന്നിട്ടുണ്ട്, എന്നും ഇറക്കാൻ എത്തുമോ എന്നായിരുന്നു ചോദ്യം. ഉച്ചയോടെ പുങ്ങംചാലിലെ വീട്ടിൽ തിരിച്ചെത്തിയ തങ്കച്ചൻ ഉടൻ യൂനിഫോം ധരിച്ച് നേരെ ചെന്ന് റേഷൻ സാധനങ്ങൾ കൊണ്ടുവന്ന ലോറിയിൽ കയറുകയായിരുന്നു. കുറെ വർഷമായി പുങ്ങംചാൽ, മാലോം, വള്ളിക്കടവ്, പറമ്പ, കാറ്റാം കവല എന്നീ സ്ഥലങ്ങളിലെത്തുന്ന റേഷൻ സാധനങ്ങൾ ഇറക്കുന്നത് തങ്കച്ചെൻറ നേതൃത്വത്തിലുള്ളവരാണ്.
പഞ്ചായത്ത് അംഗമായാലും, ജീവിക്കാൻ വേണ്ടി ചെയ്യുന്ന തൊഴിൽ തുടരുമെന്ന് കെ.കെ. തങ്കച്ചൻ പറഞ്ഞു. വെസ്റ്റ് എളേരി നാട്ടക്കൽ വാർഡിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി 67 വയസ്സുള്ള കെ.കെ. തങ്കച്ചൻ വിജയിച്ചത്. സി.പി.എം സിറ്റിങ് വാർഡായ നാട്ടക്കല്ലിൽ നിന്ന് 143 വോട്ടിെൻറ ഭൂരിപക്ഷം നേടിയാണ് ഇദ്ദേഹം വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.