കാസർകോട്: കോവിഡ് പ്രതിസന്ധിയിലും ജില്ലയില്‍ പാലുല്പാദനത്തില് 35 ശതമാനം വളര്‍ച്ച. 2020 ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ പ്രതിദിന പാല്‍സംഭരണം 55,263 ലിറ്റര്‍ ആയിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ പ്രതിദിന സംഭരണത്തില്‍ 19196 ലിറ്റര്‍ പാലാണ് ജില്ലയില്‍ കൂടിയത്. 144 ക്ഷീരസംഘങ്ങളില്‍നിന്നായി ഉല്പാദിപ്പിച്ചത് 74458 ലിറ്റര്‍ പാല്. ഏറ്റവും കൂടുതല്‍ പ്രതിദിന പാല് സംഭരണം പരപ്പ ബ്ലോക്കിലാണ്-23944 ലിറ്റര്‍. ഇവിടെ 42 ക്ഷീരസംഘങ്ങളുണ്ട്.
സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കൊപ്പം ലോക്ഡൗണില്‍ കൂടുതല്‍ പേര് ക്ഷീരകൃഷി മേഖലയിലേക്ക് എത്തിയതും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ക്ഷീര കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി വായ്പ നല്കിയതും ക്ഷീരമേഖലക്ക് പുത്തന്‍ ഉണര്‍വേകി. 14.67 കോടി രൂപ ക്ഷീരവികസന വകുപ്പിെൻറ പദ്ധതികള്‍ പ്രകാരവും 37.52 കോടി രൂപ ത്രിതല പഞ്ചായത്തുകള്‍ മുഖേനയും 13.68 ലക്ഷം രൂപ എസ്.സി.എ.ടു എസ്.സി.പി പദ്ധതി പ്രകാരവും ആകെ 52.33 കോടി രൂപയാണ് അഞ്ച് വര്‍ഷമായി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി ചെലവഴിച്ചത്.
33 സംഘങ്ങളുള്ള നീലേശ്വരം ബ്ലോക്കില്‍ പ്രതിദിന പാല്‍സംഭരണം 15550 ലിറ്ററാണ്. മറ്റു ബ്ലോക്കുകളിലെ പ്രതിദിന പാല് ഉല്‍പാദനത്തിെൻറ വിവരങ്ങള്‍: കാഞ്ഞങ്ങാട് 18 സംഘങ്ങള്‍, 11542 ലിറ്റര്‍, കാറഡുക്ക 20 സംഘങ്ങള്‍, 8902 ലിറ്റര്‍, മഞ്ചേശ്വരം 16 സംഘങ്ങള്‍, 8466 ലിറ്റര്‍, കാസര്‍കോട് 15 സംഘങ്ങള്‍, 6054 ലിറ്റര്‍.
നിലവില്‍ 144 ക്ഷീരസംഘങ്ങളിലൂടെ 8610 ക്ഷീര കര്‍ഷകരാണ് പാല് നല്‍കുന്നത്. ഇവരില്‍ 1959 ക്ഷീര കര്‍ഷകര്‍ക്ക് 9.6 കോടി രൂപയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി അനുവദിച്ചത്. 2003-04 കാലഘട്ടത്തില്‍ ജില്ലയിലെ ക്ഷീരസംഘങ്ങളിലൂടെയുള്ള പ്രതിദിന സംഭരണം 13155 ലിറ്റര്‍ ആയിരുന്നുവെങ്കില്‍ 2019-20 വര്‍ഷത്തില്‍ അത് 68175 ലിറ്റര്‍ ആണ്. ജില്ലയിലെ 139 ആപ്കോസ്, അഞ്ച് പരമ്പരാഗത സംഘങ്ങളില്‍ നിന്നായി 2020 ഡിസംബര്‍ മാസത്തില്‍ 74,458 ലിറ്റര്‍ പാലാണ് ജില്ലയില്‍ ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്.
ക്ഷീരമേഖലയെ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ക്ഷീര ഗ്രാമം പദ്ധതി പോലെ നിരവധി പദ്ധതികൾ കര്‍ഷകര്‍ക്ക് താങ്ങായി മാറുകയാണ് ക്ഷീരമേഖല. ക്ഷീരവികസന വകുപ്പിനോടൊപ്പം ത്രിതല പഞ്ചായത്തുകളും ഇന്‍ഷുറന്‍സ് പരിരക്ഷയടക്കം വിവിധ പദ്ധതികളാണ് ക്ഷീര കര്‍ഷകര്‍ക്കായി നടപ്പാക്കുന്നത്.
ക്ഷീരഗ്രാമം പദ്ധതി: തുടക്കം പനത്തടിയില്‍
കാസർകോട്: ക്ഷീരമേഖലയെ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ക്ഷീര ഗ്രാമം പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നേറുകയാണ്. ആദ്യഘട്ടം നടപ്പാക്കിയ പനത്തടി പഞ്ചായത്തില്‍ ക്ഷീരമേഖലയില്‍ വലിയ നേട്ടമാണുണ്ടാക്കിയത്. പനത്തടിയില്‍ 2017-18ല്‍ 14,30,628 ലിറ്റര്‍ പാലുല്പാദനമുണ്ടായിരുന്നത് ക്ഷീരഗ്രാമം നടപ്പാക്കിയ ശേഷം 2018-19ല്‍ 18,19,478 ലിറ്ററായും 2019-20ല്‍ 20,03,084 ലിറ്ററായും വര്‍ധിച്ചുവെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ സി. കൃഷ്ണന് പറഞ്ഞു.
ജില്ലയില്‍ രണ്ടാം ഘട്ടം ക്ഷീരഗ്രാമം പദ്ധതി അജാനൂര്‍ പഞ്ചായത്തില്‍ പുരോഗമിക്കുകയാണ്. എം.എല്‍.എ ചെയര്‍മാനായ നിരീക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ക്ഷീര ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ 50 ലക്ഷം രൂപയാണ് ഒരു ക്ഷീരഗ്രാമത്തിന് ലഭിക്കുക.
അഞ്ച് പശു യൂനിറ്റിന് 1,84,000 രൂപയും രണ്ട് പശു യൂനിറ്റിന് 69000 രൂപയും മൂന്ന് പശു-ഒരു കിടാരി യൂനിറ്റിന് 1,5,0000 രൂപയും ഒരു പശു-ഒരു കിടാരി യൂനിറ്റിന് 53,000 രൂപയും സബ്സിഡിയായി ലഭിക്കും. ഫാമിലേക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങിക്കുന്നതിന് 50,000 രൂപയും കറവ യന്ത്രം വാങ്ങിക്കുന്നതിന് 25,000 രൂപയും പശുത്തൊഴുത്തിനായി 50,000 രൂപയും തൊഴുത്തിലെ ചൂട് കുറക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപയും കാത്സ്യം പൊടികള്‍ വാങ്ങാന്‍ 101 രൂപയും സബ്സിഡിയായി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കും.
ക്ഷീരമേഖലയിലെ പ്രധാന നേട്ടങ്ങള്‍:
-മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം 927 പശുക്കളെയും 415 കിടാരികളെയും വാങ്ങുന്നതിന് ധനസഹായം നല്കി
-101 കര്‍ഷകര്‍ക്ക് കടാശ്വാസം നല്കി
-ക്ഷീരഗ്രാമം പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലും അജാനൂര്‍ പഞ്ചായത്തിലും 50 ലക്ഷം വീതം രൂപയുടെ ക്ഷീരവികസന പദ്ധതികള്‍ നടപ്പാക്കി.
-പശുക്കളുടെ മരണം മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ 151 കര്‍ഷകര്‍ക്ക് 15000 രൂപ വീതം ആകെ 22.65 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
-137 കറവയന്ത്രങ്ങള്‍ വാങ്ങുന്നതിന് 25,000 രൂപ വീതം 34.25 ലക്ഷം രൂപ ധനസഹായം നല്കി.
-ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 16.92 കോടി രൂപ മില്‍ക്ക് ഇന്സെൻറിവായും കാലിത്തീറ്റ ധനസഹായമായും കര്‍ഷകരിലെത്തിച്ചു.
-70 കര്‍ഷകര്‍ക്ക് ധനസഹായം നല്കി. പ്രളയ കാലത്ത് 35.45 ലക്ഷം രൂപയുടെ ധനസഹായവും കോവിഡ് കാലത്ത് 10634 ചാക്ക് കാലിത്തീറ്റയും നല്കി.
-ആറ് ക്ഷീര സഹകരണ സംഘങ്ങള്‍ പുതുതായി ആരംഭിച്ചു.
-രണ്ട് സഹകരണ സംഘങ്ങള്‍ പുനരുജ്ജീവിപ്പിച്ചു.
-27 ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കെട്ടിട നിർമാണ ധനസഹായം അനുവദിച്ചു.
-89 ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം
-ക്ഷീര കര്‍ഷക ക്ഷേമ നിധിയില്‍നിന്ന് 2510 കര്‍ഷകര്‍ക്ക് പെന്ഷന്.
-ക്ഷേമനിധി അംഗങ്ങളായ 3588 ക്ഷീര കര്‍ഷകര്‍ക്ക് 1047 ലക്ഷം രൂപ കോവിഡ് ധനസഹായം നല്കി
-ക്ഷീര സാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് 18.76 ലക്ഷം രൂപയുടെ ക്ലെയിം നല്കി
-ക്ഷീരസംഗമങ്ങള്‍, കന്നുകാലി പ്രദര്‍ശനം, സെമിനാറുകള്‍, എക്സിബിഷനുകള്‍, െഡയറി എക്സ്പോ, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.