കാസർകോട്: ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്തിെൻറ ആരോഗ്യ മേഖലക്ക് ഊര്‍ജം പകര്‍ന്ന് ഡയാലിസിസ് കേന്ദ്രം ഒരുങ്ങി.ആരോഗ്യ സേവനങ്ങള്‍ക്കായി മംഗളൂരു, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന വടക്കൻ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ഡയാലിസിസ് കേന്ദ്രം 22ന് നാടിന് സമര്‍പ്പിക്കും.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിെൻറ ആഭിമുഖ്യത്തിലുള്ള സ്വപ്ന പദ്ധതി മംഗൽപാടിയിലെ താലൂക്ക് ആശുപത്രി വളപ്പിലാണ് പ്രവര്‍ത്തനസജ്ജമായത്.മുൻ എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിെൻറ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷന് ചെയര്‍മാനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് യന്ത്രങ്ങള്‍ സൗജന്യമായി നല്കി. വൈദ്യുതീകരണം, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, ജനറേറ്റര്‍, പ്ലംബിങ്, എയര്‍ കണ്ടീഷന്‍ തുടങ്ങിയവയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപയോളം ചെലവഴിച്ചു.
എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് ആര്.ഒ പ്ലാൻറ്, ഇരിപ്പിട സൗകര്യം എന്നിവയൊരുക്കി. കിടക്ക, കട്ടില്, മറ്റുപകരണങ്ങള്‍ എന്നിവ കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തിയാണ് സജ്ജമാക്കിയത്.
പാവപ്പെട്ടവര്‍ക്ക് ചികിത്സ സൗജന്യം
ബി.പി.എല്‍ വിഭാഗം, എസ്.സി, എസ്.ടി തുടങ്ങിയ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്.ബ്ലോക്ക് പരിധിയില്‍ നിലവില്‍ 150ഓളം വൃക്ക രോഗികളാണ് ആഴ്ചയില്‍ മൂന്നുതവണ കാസര്‍കോട്, മംഗളൂരു ഭാഗത്തുള്ള സ്വകാര്യ ആശുപത്രികളില്‍ യാത്രാക്ലേശം സഹിച്ച് ഡയാലിസിസിനായി പോവുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആദ്യഘട്ടത്തില്‍ 90 പേര്‍ക്ക് മൂന്ന് ഷിഫ്റ്റുകളിലായി സേവനം ലഭിക്കും. എല്ലാവർക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ 250 രൂപയാണ് ഡയാലിസിസിന് ഈടാക്കുക.
നടത്തിപ്പിന് ചാരിറ്റബിള്‍ സൊസൈറ്റി
ഡയാലിസിസ് സെൻറര്‍ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക നിയമാവലിയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായി മഞ്ചേശ്വരം ചാരിറ്റബിള്‍ സൊസൈറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എച്ച്.എം.സി പ്രതിനിധികള്‍ തുടങ്ങി 250 അംഗങ്ങളുള്ള സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരിക്കും സെൻറര്‍ പ്രവര്‍ത്തിക്കുക. മുന്‍ എം.എല്‍.എയുടെ സ്മരണക്കായി പി.ബി. അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് സെൻറര്‍ എന്ന പേരിലായിരിക്കും കേന്ദ്രം അറിയപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.