കാഞ്ഞങ്ങാട്: മാണിക്കോത്തെ നാരായണനും കുടുംബവും ഇക്കുറി ലൈഫ് വീട്ടില്‍ ഓണത്തിരക്കിലാണ്.ഇടക്കുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നടുവിന് സാരമായി പരിക്കേറ്റ കൂലിപ്പണിക്കാനായ നാരായണന് പിന്നീട് ജോലി ചെയ്യാനായില്ല. ഭാര്യ മാധവിയും പ്രായാധിക്യത്താല്‍ വീട്ടിൽതന്നെയാണ്. മകന്‍ ബിജുവും ഭാര്യ രേണുകയും മൂന്ന് മക്കളും കൂടി ചേര്‍ന്നതാണ് കുടുംബം. ഷീറ്റ് വലിച്ചുകെട്ടിയും ഓടുമേഞ്ഞും പണിത ചെറിയ വീട്ടിലായിരുന്നു ഈ ഏഴംഗ കുടുംബത്തിെൻറ ജീവിതം. 40 വര്‍ഷക്കാലത്തെ പഴക്കം വീടിന് സാരമായ ബലക്കുറവുണ്ടാക്കിയിരുന്നു.
എന്നാല്‍, ഇപ്പോള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ നല്‍കിയ വീട്ടില്‍ കളിചിരികളുമായി മൂന്ന് മക്കള്‍ക്കൊപ്പം നാരായണന്‍ സന്തോഷത്തിലാണ്.മഴ മാറി ചിങ്ങവെയിലുദിച്ചപ്പോള്‍ സമൃദ്ധിയുടെ നല്ലോണത്തെ വരവേല്‍ക്കാന്‍ ഈ കുടുംബവും ഒരുങ്ങുകയാണ്. ഒമ്പതാംതരം വിദ്യാർഥി ആദിത്യനും ആറാം ക്ലാസുകാരി ആര്യശ്രീയും രണ്ടാം ക്ലാസുകാരി ആവണിയും ഈ വീട്ടിലിരുന്നാണ് ക്ലാസുകളില്‍ സജീവമാകുന്നത്.
തൊടിയില്‍ നിന്നും വാഴയിലക്കുമ്പിളില്‍ ശേഖരിച്ച നാടന്‍ പൂക്കൾ ഭംഗിയായി നിരത്തി നിറഞ്ഞ പൂക്കളമൊരുക്കാനുള്ള തയാറെടുപ്പിലാണ് ആര്യശ്രീയും ആവണിയും. അടുത്തായി നിറമുള്ള പൊന്നോണം മനസ്സില്‍ നിറച്ച് നാരായണനും മാധവിയും മക്കള്‍ക്ക് നിർദേശങ്ങള്‍ നല്‍കുകയാണ്.
വാര്‍പ്പ് പണിക്ക് പോകുന്ന ബിജുവും പച്ചക്കറി കടയില്‍ കൂലിവേല ചെയ്യുന്ന രേണുകയും മകന്‍ ആദിത്യനുമെല്ലാം ലൈഫില്‍ നിറഞ്ഞ നിറമുള്ളോണത്തില്‍ ഇവിടെ സന്തുഷ്ടരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.