പടന്ന: പടന്നയിലെ പി.വി. ഫൈസലിെൻറ തോട്ടത്തിൽ വിരിയുന്നതെല്ലാം വിദേശ പഴങ്ങൾ. തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സുലഭമായതും നമ്മുടെ നാട്ടിൽ അപൂർവമായതുമായ പഴങ്ങളാണ് ഇവിടെ വളരുന്നത്. പലതും കായ്ച്ച് വിളവെടുപ്പും നടത്തി. ഡ്രാഗൺ ഫ്രൂട്ടുകൾ, ലോൻഗൻ ഫ്രൂട്ട്, മാട്ടോവ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, വിയറ്റ്നാമീസ് മാങ്ങ, ചക്ക എന്നിവ കായ്ച്ചു.
ഡുക്കു, അഭിയു, മാങ്കാേസ്റ്റിൻ തുടങ്ങിയവയുടെ ചെടികൾ നന്നായി വളർന്ന് കായ്ഫലം തരുന്ന വളർച്ചയെത്തി നിൽക്കുന്നു. ഡ്രാഗൺ ഫ്രൂട്ടിൽ തന്നെ വ്യത്യസ്ത ഇനങ്ങൾ ഇതിനകം ഇവിടെ കായ്ച്ചു. മെക്സികോയിലുള്ള സുഹൃത്ത് വഴി ലഭിച്ചതും ഡ്രാഗൺ ഫ്രൂട്ട്സിൽ ഏറ്റവും വില കൂടിയതും ഏറ്റവും മധുരമുള്ള ഇനവുമായ എക്വഡോറിയൻ മിഗലന്തസ് ആണ് അവസാനമായി വിളവെടുത്തത്. മറ്റ് ഡ്രാഗൺ ഫ്രൂട്ട്സിനെ അപേക്ഷിച്ച് മുള്ളോട് കൂടിയ അൽപം ചെറിയ പഴമാണിത്. ഡ്രാഗൺ ഫ്രൂട്ട്സുകളിൽ ഇത് കൂടാതെ കോണ്ടോർ, പർപ്പിൾ ഹാസ്, തായ്വാൻ റെഡ്, റെഡ് ഡ്രാഗൺ എന്നീ ഇനങ്ങളും ഇവിടെ വളരുന്നുണ്ട്. പലതും വിളവെടുത്തു. 2017ൽ മകെൻറ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതിന് പകരം ഫൈസൽ മകെൻറ കൈകൊണ്ട് നട്ട ലോൻഗൻ ഫ്രൂട്ട് നിറയെ കായ്ച്ചു. അതിമധുരമുള്ള ഈ പഴത്തിന് വിപണിയിൽ നല്ല വിലയുണ്ട്. കൂടാതെ കഴിച്ചതിനുശേഷം എല്ലാം മധുരമുള്ളതായി അനുഭവപ്പെടുന്ന മിറാക്കിൾ ഫ്രൂട്ടും ഇവിടെ കായ്ച്ചു. നേരിയ പുളിയുള്ള ഈ ഫ്രൂട്ട് കഴിച്ചതിനുശേഷം മുളകുപോലും കടിച്ചാൽ മധുരമുള്ളതായി തോന്നുമത്രെ. മാരക അസുഖം ബാധിച്ച് ചികിത്സക്കിടെ ഭക്ഷണ വിരക്തി തോന്നുന്നവർക്കും മധുരം നിഷിദ്ധമാക്കപ്പെട്ട ഷുഗർ രോഗികൾക്കും അനുഗ്രമാണ് ഈ പഴം. പടന്ന റഹ്മാനിയ മദ്റസക്ക് സമീപമുള്ള വീട്ടുവളപ്പിൽ 40 സെൻറിൽ ശാസ്ത്രീയമായ രീതിയിലാണ് കൃഷി. ജൈവവളമാണ് ഉപയോഗിക്കുന്നത്. ഒന്നര മീറ്റർ ഉയരമുള്ള കോൺക്രീറ്റ് തൂണിൽ ടയർ സ്ഥാപിച്ച് പ്രത്യേക രീതിയിലാണ് ഡ്രാഗൺ ചെടി വളർത്തുന്നത്.
എല്ലാ ചെടികളുടെയും ചുവട്ടിൽ സ്ഥാപിച്ച പ്രത്യേക തരം പൈപ്പ് വഴി ആവശ്യമായ അളവിൽ വെള്ളം എത്തുന്നു. ശാസ്ത്രീയ രീതിയിൽ തന്നെയാണ് വളപ്രയോഗവും. ചെടികൾ വളർത്താൻ നിരന്തര പരിചരണവും ജാഗ്രതയും വേണ്ടിവന്നുവെന്ന് ഫൈസൽ പറയുന്നു. വിദേശ അലങ്കാര പക്ഷി വളർത്തലിൽ വിജയം വരിച്ച ഫൈസൽ മൂന്നുവർഷം മുമ്പാണ് വിദേശ പഴങ്ങളുടെ കൃഷിയിലേക്ക് തിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.