ചെറുവത്തൂർ: റെയിൽവേ ട്രാക്കിൽ പൊട്ടിവീണ കൂറ്റൻ തെങ്ങ് തള്ളിനീക്കിയ തൊഴിലുറപ്പ് തൊഴിലാളികളുടെ ചങ്കുറപ്പിൽ ഒഴിവായത് വൻ ദുരന്തം. ചെറുവത്തൂർ മയിച്ച പാലത്തിന് സമീപം റെയിൽവേ ട്രാക്കിലേക്കാണ് സമീപത്തെ പറമ്പിൽനിന്ന് കൂറ്റൻ തെങ്ങ് പൊട്ടിവീണത്.
ശനിയാഴ്ച വൈകീട്ട് 3.45നാണ് സംഭവം. വലിയ ശബ്ദം കേട്ട് സമീപത്തെ വയലിൽ ബണ്ട് നിർമാണത്തിൽ ഏർപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ ഓടിയെത്തി. ഈ സമയം ട്രെയിൻ കടന്നുപോകുന്നതിന് സിഗ്നൽ ലഭിച്ചിരുന്നു. ഒട്ടും ആലോചിക്കാതെ വനിതകൾ ഒത്തുപിടിച്ച് തെങ്ങ് സമീപത്തെ കുഴിയിലേക്ക് തള്ളിനീക്കുകയായിരുന്നു. തെങ്ങ് തള്ളിമാറ്റിയ ഉടൻ മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസ് ഇതുവഴി കടന്നുപോയി. 40 ഓളം സ്ത്രീതൊഴിലാളികളാണ് തെങ്ങ് മാറ്റാൻ സഹായിച്ചത്. തെങ്ങ് മാറ്റിയില്ലായിരുന്നെങ്കിൽ സംഭവിക്കുമായിരുന്ന ദുരന്തം മുൻകൂട്ടി കണ്ടാണ് ഏറെ ദുഷ്കരമായിട്ടും ട്രാക്കിൽനിന്ന് തെങ്ങ് നീക്കം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികളായ രാധാമണി, രമ, സുജിത, സുശീല, ഗീത, ഭാനുമതി, സരസ്വതി, നാരായണി, കാർത്യായനി എന്നിവരുടെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് തെങ്ങ് തള്ളിനീക്കിയത്. പഞ്ചായത്തംഗം എം. മഞ്ജുഷ, റെയിൽവേ അധികൃതർ എന്നിവരെത്തി തൊഴിലാളികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.