ചെര്‍ക്കള: പുതിയ ബസ് സ്റ്റാൻഡിൽ ബസുകൾ വെള്ളിയാഴ്ച മുതൽ പ്രവേശിക്കണമെന്ന് ജില്ല കലക്ടർ കെ. ഇമ്പശേഖർ നിർദേശം നൽകി. ബസ് ഓണേഴ്സ് പ്രതിനിധികള്‍ക്കാണ് കലക്ടര്‍ നിർദേശം നല്‍കിയത്. ബസുകൾ ചെർക്കള ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിനായി എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെര്‍ക്കള പുതിയ ബസ് സ്റ്റാൻഡ് പരിസരം വ്യാഴാഴ്ച സന്ദര്‍ശിച്ചു.
പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാതെ പോകുന്ന ബസുകൾ തിരിച്ചറിയാനും സുരക്ഷ ഉറപ്പുവരുത്താനും വേണ്ടി കാമറകള്‍ ഘടിപ്പിക്കാന്‍ ജില്ല കലക്ടര്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയക്ക് നിര്‍ദ്ദേശം നല്കി. ബസുകള്‍ റിവേഴ്സായി തിരിക്കാതെ ബാരിക്കേഡ് വെച്ച് തിരിച്ചുപോകാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്കി. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന രണ്ടു വശത്തെയും റോഡുകളില്‍ അടിയന്തര അറ്റുകുറ്റപ്പണികള്‍ നടത്താന്‍ പി.ഡെബ്ല്യു.ഡിയെ ചുമതലപ്പെടുത്തി. ജില്ല പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് ബസ് സ്റ്റാൻഡില്‍ പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ബസുകള്‍ ചെര്‍ക്കള പുതിയ ബസ് സ്റ്റാൻഡില്‍ കയറാതെ സർവിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ബസ് ഓണേഴ്സ് പ്രതിനിധികളുമായി കലക്ടറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സ്റ്റാൻഡ് പരിസരം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിക്കുമെന്ന് കലക്ടര്‍ യോഗത്തിൽ വ്യകതമാക്കിയിരുന്നു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, സെക്രട്ടറി ഹരികുമാര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ നിനോജ് മേപ്പിടിയത്ത്, റിസർച് അസിസ്റ്റന്റ് ഷീജ, പിഡെബ്ല്യൂ.ഡി റോഡ്സ് എക്സി.എൻജിനീയര്‍ രാജീവ്, മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ വി. പ്രജിത്ത്, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി. അരുണ്‍ കുമാര്‍, വിദ്യാനഗര്‍ എസ്.ഐ വിജയന് മേലത്ത്, കെ.എസ്.ആര്.ടി.സി പ്രതിനിധികള്‍, ബസ് ഓണേഴ്സ് പ്രതിനിധികള്‍ എന്നിവരും കലക്ടറെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.