ചെർക്കള: ദേശീയപാത നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചെർക്കള ടൗൺ കുഴിക്കാനുള്ള നീക്കത്തിന് കലക്ടറുടെ ഒത്താശയെന്ന് പരാതി. തൃശൂരിൽനിന്ന് സ്വകാര്യ സാങ്കേതിക വിദഗ്ധനെ വരുത്തി ദേശീയപാത സംയുക്ത സമരസമിതി കൂട്ടായ്മ സ്ഥലം പരിശോധിച്ചു.
നിർമാണ പ്രവൃത്തിയുടെ അശാസ്ത്രീയത ആരോപിച്ച് സംയുക്ത സമരസമിതി നിർത്തിവെപ്പിച്ച ദേശീയപാത നിർമാണം പുനരാരംഭിക്കുന്നതിന് കലക്ടർ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങൾ ലംഘിക്കപ്പെട്ടു. 19ന് കലക്ടർ തന്നത് മേഘ കമ്പനിയുടെ തെറ്റായ മീറ്റിങ് മിനിറ്റ്സാണ്.
ഇത് വിശ്വാസ വഞ്ചനയാണെന്നും, മേഘ കമ്പനിയുടെ അഭിനയത്തിൽ കലക്ടർ വീണുപോകരുതെന്നും സമരസമിതി ആവശ്യപ്പെട്ടു. ഭൂനിരപ്പ് ഒട്ടും താഴ്ത്തില്ല എന്ന ദേശീയപാത അതോറിറ്റിയുടെ ഔദ്യോഗിക കത്തിലെ ഉറപ്പ് ലംഘിച്ച് ഭൂമി ഒരിഞ്ച് താഴ്ത്തിയാൽ പോലും അതിശക്തമായ സമരം വീണ്ടും സംഘടിപ്പിക്കുമെന്നും സമരസമിതി ചെയർമാൻ മൂസ ബി. ചെർക്കള, ജന. കൺവീനർ ബൽരാജ് ബേർക്ക എന്നിവർ കലക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
നേരെത്തെ കൊടുത്ത കത്തിൽ സമരസമിതി ഉന്നയിച്ച എല്ലാവിവരങ്ങളും സമര വിഷയങ്ങളും പൂർണമായി വായിച്ച് ധരിപ്പിച്ച യോഗമാണ് സെപ്റ്റംബർ 11ന് കലക്ടറുടെ ചേംബറിൽ ചേർന്നത്. ഈ യോഗത്തിൽ നടന്ന ചർച്ചയുടെയും എടുത്ത തീരുമാനത്തിന്റെയും യഥാർഥ മിനിറ്റ്സ് കലക്ടറുടെ ഒപ്പോടു കൂടിയത് അടിയന്തരമായി പുറത്തുവിടണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ടൗൺ കുഴിക്കില്ല എന്നും നിലവിലുള്ള ഭൂനിരപ്പ് അതേപടി തുടരുമെന്നും തീരുമാനമെടുത്ത യോഗത്തിന്റെ മിനിറ്റ്സ് മേഘ കലക്ടർ വഴി അയച്ചുതന്നതിൽ സമീപത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കില്ല എന്നർഥത്തിൽ മാത്രമാണ്. ഇത് ടൗൺ കുഴിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്നും പാലം താഴ്ത്തി പണിത്, കുഴിയിൽ നിന്നാണ് അഞ്ചര മീറ്റർ ഉയരമെങ്കിൽ, പണി വീണ്ടും നിർത്തിവെപ്പിക്കുമെന്നും സമരസമിതി അറിയിച്ചു. തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും താമസിപ്പിക്കുമെങ്കിൽ മേൽപാലം പണി ഉടൻ നിർത്തണമെന്നും ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്നത് അവസാനിപ്പിക്കണമെന്നും സമരസമിതി കത്തിൽ പറയുന്നു. പ്രശ്നങ്ങൾ ജനങ്ങളുടെ ഭാഗത്തുനിന്ന് പഠിക്കാനായി സമരസമിതി സ്വകാര്യ സാങ്കേതിക വിദഗ്ധനെ കൊണ്ടുവന്ന് വർക്ക് സൈറ്റ് പരിശോധിപ്പിച്ചു.
തുടർന്ന് ചെർക്കളയിൽ യോഗം ചേർന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, വെങ്കിട്ടരാമൻ, സിറാജ് കമാൽ, സി.എ. അഹമ്മദ് ഹാജി അസ്മാസ്, മൂസ ബി. ചെർക്കള, ബിജു ചന്ദ്രമേനോൻ, മുഹമ്മദ് ഇഖ്ബാൽ ചേരൂർ, ഖാദർ ബദ്രിയ, സത്താർ പള്ളിയാൻ, സി.എച്ച്. ബടക്കേക്കര, നൗഷാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.