ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിലെ കൊടക്കാട് വില്ലേജിൽ നാടൻ കലാഗ്രാമ നിർമാണത്തിന് സർക്കാർ സ്ഥലം അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. റീസർവേ നമ്പർ 298/2എ 5ൽപെട്ട മൂന്ന് ഏക്കർ ഭൂമിയാണ് നാടൻ കലാഗ്രാമം നിർമിക്കുന്നതിന് സാംസ്കാരിക വകുപ്പിന് കൈമാറിയത്. സംസ്ഥാന സർക്കാർ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു.
ഈ തുക ഉപയോഗിച്ച് കൊടക്കാട് ഓലാട്ട് പ്രദേശത്ത് മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലാണ് ഫോക്ലോർ വില്ലേജ് സ്ഥാപിക്കുക. നർത്തകരത്നം കണ്ണപ്പെരുവണ്ണാന്റെ സ്മരണയും തെയ്യം കലയുടെ കുലപതി മണക്കാടൻ ഗുരുക്കളുടെ സ്മരണയും മുൻനിർത്തി ഇന്റർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തെയ്യം സ്റ്റഡീസ് എന്ന പേരിൽ തെയ്യത്തെക്കുറിച്ച് കൂടുതൽ അറിയാനും അതോടൊപ്പം ജില്ലയിലെ നാടൻ കലകളെക്കുറിച്ച് പഠിക്കുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള ഒരു കേന്ദ്രം എന്ന നിലയിലാണ് കൊടക്കാട് ഫോക്ലോർ വില്ലേജിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.
രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ഉൾപ്പെടെ തെയ്യം കലയെക്കുറിച്ചും ജില്ലയിലെ മറ്റു നാടൻകലകളെക്കുറിച്ചും പഠിക്കാനുമായി നിരവധി ആൾക്കാരാണ് എത്തുന്നത്. ഇതിനെല്ലാം പര്യാപ്തമായ നിലയിൽ ഒരു സാംസ്കാരിക കേന്ദ്രമായി കൊടക്കാട് ഫോക് ലോർ വില്ലേജിനെ മാറ്റുന്നതിന് നേരത്തെ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നാടൻ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ചിരുന്നു.
ഫോക് ലോര്‍ വില്ലേജിൽ ഉണ്ടായിരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഫോക് ലോർ വില്ലേജ് സ്ഥാപിക്കാനുള്ള ഭൂമി ലഭ്യമായ സ്ഥിതിക്ക് പൊതുമരാമത്ത് ആർക്കിടെക്ചർ വിങ്ങ് മുഖാന്തിരം ഇതിന്റെ ഡിസൈനും ഡി.പി.ആറും തയാറാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ആരംഭിക്കുമെന്ന് എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.