ഗേറ്റടക്കുമ്പോൾ ഇഖ്ബാൽ നഗറിൽ അനുഭവപ്പെടുന്ന തിരക്ക്

ദിവസവും വഴിമുടങ്ങുന്നത് 56 തവണ; ഇഖ്ബാൽ റോഡിന് വേണം മേൽപാലം

കാഞ്ഞങ്ങാട്: മണിക്കൂറിൽ കടന്നുപോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ, ഇഖ്ബാൽ റെയിൽവേ ഗേറ്റ് ഒരു ദിവസം അടച്ചിടുന്നത് 56 തവണയും. വിദ്യാർഥികൾ ഉൾപ്പെടെ ആയിരങ്ങൾ സഞ്ചരിക്കുന്ന അജാനൂർ ഇഖ്ബാബാൽ ഗേറ്റിൽ മേൽപാലമെന്ന ആവശ്യത്തിന് ശക്തിയേറാതിരിക്കുന്നതെങ്ങനെ.

പൊയ്യക്കര, മുട്ടുന്തല, കൊത്തിക്കാൽ, അജാനൂർ ബീച്ച്, കൊളവയൽ, ഇട്ടമ്മൽ, ചാലിയംനായിൽ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളെ കാഞ്ഞങ്ങാട് ടൗണുമായി ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. തീരദേശവാസികൾക്ക് അജാനൂർ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ജില്ല ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഇഖ്ബാൽ റോഡാണ് ആശ്രയം.

അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ, ശ്രീ കുറുംബ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്കുപോകുന്ന രോഗികളും മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്നത് ഇഖ്ബാൽ റോഡിനെയാണ്.

വടക്കേ മലബാറിലെ പ്രശസ്തമായ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലേക്കും അടിമയിൽ ക്ഷേത്രത്തിലേക്കും മുട്ടുന്തല മഖാമിലേക്കും നിർദിഷ്ട അജാനൂർ ഹാർബറിലേക്കും ബി.ആർ.ഡി.സിയുടെ ടൂറിസം വില്ലേജിലേക്കും എത്തണമെങ്കിൽ ഈ വഴി തന്നെ ആശ്രയം.

ദിവസംതോറും രണ്ടുവശങ്ങളിലേക്കുമായി 56 ട്രെയിനുകൾ കടന്നുപോകുമ്പോൾ അത്രയും തവണ അടച്ചിടുന്ന ലെവൽ ക്രോസാണിത്. ഗേറ്റ് അടച്ചാൽ ഇരു വശങ്ങളും കിലോമീറ്റർ നീളുന്ന വാഹനങ്ങളുടെ നിര പതിവുകാഴ്ചയാണ്. ഇതിന് ഏക പരിഹാരം മേൽപാലം മാത്രമാണെന്നാണ് നാട്ടുകാരുടെ പക്ഷം.

ഒക്ടോബർ 30ന് വൈകീട്ട് അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ യോഗം ചേരാൻ നാട്ടുകാർ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകർ, പൊതുജനങ്ങൾ, ക്ലബ് ഭാരവാഹികൾ യോഗത്തിലെത്തും. ഭാവി പരിപാടികൾക്ക് യോഗത്തിൽ രൂപം നൽകും.

Tags:    
News Summary - 56 times daily road blocks-Iqbal Road needs a flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.