കാഞ്ഞങ്ങാട്: ഒടയംചാൽ പാറക്കല്ലിൽ തോട് വഴിമാറിയൊഴുകിയതിനുപിന്നാലെ സമീപത്ത് വൻ ഗർത്തം രൂപപ്പെട്ടു. ഇതോടെ പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലായി. കോടോം- ബേളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട കുന്നുംവയൽ പാറക്കല്ല് - നായ്ക്കയം റോഡിനോട് ചേർന്നുള്ള പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്.
രണ്ടുദിവസം മുമ്പാണ് പ്രദേശത്തെ തോട് ഗതിമാറിയൊഴുകിയത്. ഇതിനു പിന്നാലെയാണ് വലിയ ഗർത്തം രൂപപ്പെട്ടത്. ഈ കുഴിയിലേക്ക് വെള്ളമിറങ്ങിപ്പോവുകയാണ്. കുഴിയിൽനിന്ന് വെള്ളക്കല്ലുകളും പൊങ്ങിവരുന്നുണ്ട്. പ്രദേശത്തെ 50 ഏക്കർ കൃഷിഭൂമി ഇതുമൂലം ഭീഷണിയിലായി. നെല്ല്, റബർ, കവുങ്ങ് കൃഷിയാണിവിടെയുള്ളത്.
നാലുവർഷം മുമ്പാണ് പ്രദേശത്തെ റോഡ് നെടുകെ പിളർന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. റോഡ് അറ്റകുറ്റപ്പണിക്കായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രദേശത്തെ പ്രതിഭാസം കാരണം റോഡ് അറ്റകുറ്റപ്പണി നടത്തുന്നതും പ്രയാസമുണ്ട്. റോഡ് നിർമാണത്തിന്റെ ഭാഗമായി മണ്ണ് നിറച്ചെങ്കിലും ചതുപ്പായതിനാൽ അടിഭാഗം കോൺക്രീറ്റ് ചെയ്യാതെ റോഡ് നിർമിക്കാൻ കഴിയാത്ത സാഹചര്യമാണ്.
സർക്കാർ ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് മഴക്കാലം കഴിയുന്നതോടെ റോഡ് അറ്റകുറ്റപ്പണി നടത്താനാണ് ശ്രമം. കൂടുതൽ ഗർത്തം വീണ്ടുമുണ്ടായതോടെ നാട്ടുകാർ ഭീതിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.