കാഞ്ഞങ്ങാട്: ബളാൽ പഞ്ചായത്തിലെ ചുള്ളി ഭാഗങ്ങളിൽ നാട്ടുകാർ ചെന്നായ്ക്കളുടെ ഭീഷണിയിൽ. ചുള്ളിയിലെ ചില ഭാഗങ്ങളിൽ ചെന്നായ് കൂട്ടങ്ങളിറങ്ങിയതായി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രാവിലെയും കഴിഞ്ഞ ആഴ്ചകളിലും ഈ ഭാഗങ്ങളിൽ ചെന്നായ് കൂട്ടങ്ങളിറങ്ങി.
നീലേശ്വരം സ്വദേശി മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ഇവയെത്തി. എട്ടു മാസം പ്രായമുള്ള മലാൻകുഞ്ഞിനെ ചെന്നായ്ക്കൾ ഭക്ഷിച്ചതിന്റെ അവശിഷ്ടം കണ്ടെത്തി. മലാൻ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് പരിസരവാസികൾ ഓടിക്കൂടിയത്.
പരിസരവാസികളെത്തിയപ്പോൾ മലാൻകുഞ്ഞിനെ പകുതി ഭക്ഷിച്ച് ചെന്നായ്ക്കൾ രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പും ഈ ഭാഗത്തെ ഫോറസ്റ്റ് ഏരിയയിൽ മലാനിന്റെ ജഡം കണ്ടെത്തിയിരുന്നു. ഇതും ചെന്നായ്ക്കൾ ആക്രമിച്ച് കൊന്നതാണ്. മലാനിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ഇത് വ്യക്തമായത്. മരുതോം ഫോറസ്റ്റ് സെക്ഷൻ ഓഫിസർ ബി.എസ്. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് അന്വേഷണം നടത്തി.
പ്രദേശത്ത് കണ്ട ആറിലേറെ കാൽപ്പാടുകളും ചെന്നായ്ക്കളുടെതാണെന്ന് സ്ഥിരീകരിച്ചു. ചുള്ളിയിൽ പുലിയിറങ്ങിയെന്നായിരുന്നു പ്രചാരണമുണ്ടായത്. ഈ പ്രദേശത്തെ വനത്തിൽ ചെന്നായ്ക്കളുടെ സാന്നിധ്യമുണ്ടെങ്കിലും ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് ആദ്യമെന്ന് വനപാലകർ പറഞ്ഞു. കാട്ടുപന്നിയുടെയും കുരങ്ങന്മാരുടെയും ശല്യം രൂക്ഷമായ പ്രദേശത്താണ് ചെന്നായുടെ ഭീഷണിയും. നിരവധി കർഷകരുടെ നാണ്യവിളകൾ കാട്ടുപന്നിയും കുരങ്ങും സ്ഥിരമായി നശിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.