കാഞ്ഞങ്ങാട്: കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികം കഠിന തടവും കോടതി ശിക്ഷ വിധിച്ചു.
കർണാടക ഉടുപ്പി സ്വദേശിയായ ഹുളുഗമ്മ എന്ന സ്ത്രീയെ താമസിച്ചിരുന്ന ഉപ്പള ഹിദായത്ത് നഗറിലെ ക്വാർട്ടേഴ്സിൽ കൊലപ്പെടുത്തിയ പ്രതി കർണാടക ബിജാപ്പൂർ ബബി ലേശ്വറിലെ സന്തോഷ് ദൊഡ്ഡ മനയെയാണ് (40) ശിക്ഷിച്ചത്.
ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച് താമസിച്ച ക്വാർട്ടേഴ്സിൽ വെച്ച് ഉടുത്തിരുന്ന സാരിയുടെ അറ്റം ഉപയോഗിച്ച് സ്ത്രീയെ കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ ആഭരണങ്ങളും പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത് പ്രതി രക്ഷപ്പെട്ടതായാണ് കേസ്. കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ. മനോജാണ് ഇന്ന് ശിക്ഷ വിധിച്ചത്.
2013 ആഗസ്റ്റ് രണ്ടിനാണ് ഹുളുഗമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയും ക്വാർട്ടേഴ്സ് ഉടമയും നടത്തിയ പരിശോധനയിലാണ് മുറിയിൽ അർധ നഗ്നാവസ്ഥയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. പ്രതി സന്തോഷ് ഒളിവിൽ പോയിരുന്നു. സംഭവ ദിവസം രാവിലെ പ്രതിയെയും ഹുളുഗമ്മയെയും ഒന്നിച്ച് മുറിയിൽ കണ്ട സാക്ഷികളുടെ മൊഴി കേസിൽ നിർണായകമായി. ഹുളുഗമ്മയുടെ കവർച്ച ചെയ്യപ്പെട്ട സ്വർണം പ്രതിയിൽ നിന്ന് കണ്ടെടുത്തു. കുമ്പള സർക്കിൾ ഇൻസ്പെക്ടറായിരുന്ന സിബി തോമസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.