ഗണേശൻ

ഭാര്യാസഹോദരനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി പിടിയിൽ

കാഞ്ഞങ്ങാട്: ഭാര്യാസഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തി മുങ്ങിയ പ്രതിയെ നാലു മാസത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തു. ചാലിങ്കാൽ നമ്പ്യാറടുക്കത്തെ നീലകണ്ഠനെ കൊലപ്പെടുത്തിയ കേസിൽ സഹോദരി ഭര്‍ത്താവ് കര്‍ണാടക സ്വദേശി ഗണേശന്‍ എന്നു വിളിക്കുന്ന സെല്‍വരാജിനെ (58) അമ്പലത്തറ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിലെ ബണ്ണാര്‍ഗട്ടയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് പുലർച്ച നമ്പ്യാറടുക്കത്തെ പ്രതിയുടെ വീട്ടിലാണ് സംഭവം. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. കത്തി പിന്നീട് വീട്ടുപരിസരത്ത് പൊലീസ് കണ്ടെത്തിയിരുന്നു. 200 രൂപയെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചത്.

ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൊലപാതകത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഗണേശനു വേണ്ടി നാലു മാസത്തോളം പൊലീസ് സംഘം കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും കര്‍ണാടകയിലും തമിഴ്നാട്ടിലുമുള്ള പ്രതിയുടെ ബന്ധു വീട്ടിലും നിരന്തരം അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

കാസര്‍കോട് സൈബര്‍ സെല്‍ വഴി മൊബൈല്‍ ഫോണ്‍ ലൊക്കേറ്റു ചെയ്തു അന്വേഷണം നടത്തിയിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ മൈസൂരുവിൽ ഉപേക്ഷിച്ച നിലയില്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിയ പൊലീസ് സംഘം മംഗളൂരു ബസ് സ്റ്റാൻഡ്, മൈസൂരു ബസ് സ്റ്റാൻഡ്, തമിഴ്നാട് നാടുകാണിയിലുള്ള ബന്ധുവീട് എന്നിവിടങ്ങളില്‍ പിന്തുടര്‍ന്ന് എത്തിയെങ്കിലും പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ബണ്ണാര്‍ഗട്ടയിലുള്ള മകളുടെ വീട്ടില്‍ നിരന്തരം അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മകളുടെ വീട്ടില്‍ പ്രതിയെത്തിയെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെയും ബേക്കല്‍ സബ് ഡിവിഷന്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍ കുമാറിന്റെയും നിർദേശപ്രകാരം ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ബണ്ണാര്‍ഗട്ടയില്‍ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അന്വേഷണ സംഘത്തില്‍ എസ്.ഐ സുമേഷ്, എ.എസ്.ഐമാരായ രഘുനാഥന്‍, ലക്ഷ്മി നാരായണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയചന്ദ്രന്‍, ഹരീഷ്, ഷിജിത്ത്, രഞ്ജിത്ത്, രതീഷ്, ഗുരുരാജ എന്നിവരും സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, രൂപേഷ്, സജിത്ത് രമേശന്‍, ബാബു, സുജിത്ത് എന്നിവരുമുണ്ടായിരുന്നു.

Tags:    
News Summary - Accused who killed brother-in-law was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.