കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ആശുപത്രികളുടെ അനുബന്ധ സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നവകേരളം കർമ പദ്ധതി രണ്ടാംഘട്ടം ആര്‍ദ്രം മിഷന് ജില്ല ആശുപത്രി സെന്‍ട്രല്‍ സ്റ്ററൈൽ സപ്ലൈ ഡിപാര്ട്മെൻറിന്റെയും പുതിയ ലേബര്‍ ബ്ലോക്കിന്റെയും ജില്ല പഞ്ചായത്തിന്റെ ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാസര്‍കോടിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്കി വരുന്നത്. ലക്ഷ്യം വെച്ചിട്ടുള്ള ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഇനിയും സാക്ഷാത്കരിക്കാന്‍ ഉണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
ജില്ലയില്‍ ആദ്യമായി സൂപര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചു. ഈ സര്‍ക്കാരിന്റെ ആദ്യ കാലഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു. ഇ.ഇ.ജി മെഷീന് സ്ഥാപിച്ചു. കാത്ത് ലാബ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി.
78 ആന്‍ജിയോഗ്രാം ചെയ്തു. 30 ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. ഇനിയും പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകും. കൂടുതല്‍ ആളുകളും ഇന്ന് സര്‍ക്കാര്‍ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അതിന്റെ ഭാഗമായി അനുബന്ധ സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളജിന് തുടര്‍ നിര്‍മാണ പൂര്‍ത്തീകരണത്തിനായി 160 കോടി രൂപ അനുവദിച്ചു. ആശുപത്രി കെട്ടിടം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.