കാഞ്ഞങ്ങാട്: അലാമിപ്പള്ളി ബസ് സ്റ്റാൻഡിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഷീ ലോഡ്ജിന് ശാപമോക്ഷം. ലോഡ്ജ് നടത്തിപ്പ് നഗരസഭ കുടുംബശ്രീക്ക് നൽകുന്നു.
2018 ലാണ് ബസ് സ്റ്റാൻഡും ഷീ ലോഡ്ജും മറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നാലു വർഷം കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡോ ഷീ ലോഡ്ജോ ഉപകാരമില്ലാതെ കിടക്കുകയാണ്. നിഷ്ക്രിയ ആസ്തിയായാണ് ഷീ ലോഡ്ജിനെ ഓഡിറ്റിങ് വിഭാഗം വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് നഗരസഭ ബൈലോ ഭേദഗതി ചെയ്ത് ഷീ ലോഡ്ജ് നടത്തിപ്പിന് നടപടി സ്വീകരിച്ചത്.
ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന സ്ത്രീകൾക്ക് ഒറ്റക്ക് രാപ്പാർക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ സഹായമായാണ് ഷീ ലോഡ്ജ് യാഥാർഥ്യമാക്കിയത്. 45 ലക്ഷം രൂപയാണ് ഇതിന് ചെലവ്. മുകളിലത്തെ നിലയിൽ ആറു മുറികളും താഴത്തെ നിലയിൽ ഷോപ്പിങ് കോംപ്ലക്സുമാണ്.
ഷീ ലോഡ്ജിൽ താമസിക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് ജനകീയ ഹോട്ടൽ പ്രവർത്തിപ്പിക്കാവുന്നതാണെന്ന് സ്റ്റിയറിങ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ഓരോ ആറുമാസം കൂടുമ്പോഴും വരവുചെലവു കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണെന്നും ശിപാർശയുണ്ട്. ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗം ഈ റിപ്പോർട്ട് അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.