കാഞ്ഞങ്ങാട്: ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലെ കടമുറിയുടെ വാടക നിർണയവുമായി ബന്ധപ്പെട്ട നിയമഭേദഗതി സംബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ബഹളവും.
ബൈലോയിൽ ഭേദഗതി വരുത്താനുള്ള അവകാശം നഗരസഭ കൗൺസിലിന് നൽകണമെന്ന ആവശ്യം സർക്കാർ തള്ളിയെങ്കിലും സർക്കാർ അംഗീകാരത്തിന് വിധേയമായി നഗരസഭക്ക് ഭേദഗതികളോ കൂട്ടിച്ചേർക്കലുകളോ നടത്താമെന്നിരിക്കെ ലേല നടപടികളുമായി വീണ്ടും മുന്നോട്ടുപോകുമെന്ന് മുൻ ചെയർമാൻ വി.വി.രമേശൻ പറഞ്ഞതോടെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
എൽ.ഡി.എഫ് സർക്കാരിന്‍റെ ഉത്തരവിനെ പരസ്യമായി തള്ളിപ്പറയുന്നതിന് തുല്യമാണ് ഇടത് ഭരണസമിതിയുടെ പ്രവൃത്തിയെന്ന് മുസ്‍ലിം ലീഗ് കൗൺസിലർമാരായ ടി.കെ. സുമയ്യയും കെ.കെ. ജാഫറും പറഞ്ഞു. തറനിരപ്പിലെ കടമുറികളുടെ ഡെപ്പോസിറ്റ് തുക 15 ലക്ഷത്തിൽ നിന്നും ഏഴു ലക്ഷമായും ഒന്നാം നിലയിലെ ഡെപ്പോസിറ്റ് തുക പത്തുലക്ഷത്തിൽ നിന്നും അഞ്ചുലക്ഷമായും കുറയ്ക്കാൻ തീരുമാനിച്ചത് സർക്കാർ അംഗീകരിച്ചില്ലെങ്കിലും ലേല നടപടികളുമായി മുന്നോട്ട് പോകാമെന്നും ക്രമേണ സർക്കാറിൽ നിന്നും മാറ്റി വാങ്ങാമെന്ന് രമേശൻ പറഞ്ഞു.
മുകൾ നിലയിലെ മുറികൾ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങൾക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെ വാടകയ്ക്ക് കൊടുക്കാമെന്നും ഭരണപക്ഷം പറഞ്ഞു. ബസ് സ്റ്റാൻഡിൽ സ്റ്റാളുകളുടെ വാടകനിർണയവുമായി ബന്ധപ്പെട്ടും തർക്കമുണ്ടായി. മുമ്പ് തറനിലയിൽ പ്രതിമാസം 3000 രൂപ വീതം ഈടാക്കി ആറു സ്റ്റാളുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ 2021ൽ നടന്ന കൗൺസിൽ യോഗത്തിൽ ഈ തുക തീരെ കുറവാണെന്നും വാടക 6000 രൂപയാക്കി വർധിപ്പിക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യം കൗൺസിൽ യോഗം അംഗീകരിച്ചിരുന്നു. എന്നാൽ ഇത്തവണ അത് 3000 രൂപയാക്കി നിശ്ചയിച്ചതിൽ പ്രതിപക്ഷം എതിർപ്പുമായെത്തി.
പ്രതിപക്ഷത്തിന്‍റെ ആവശ്യം ഭരണപക്ഷം വോട്ടിനിട്ട് തള്ളി. 12നെതിരെ 24 വോട്ടിന് ഭരണപക്ഷം വിജയിച്ചു. അതേസമയം, ആറു ബി.ജെ.പി കൗൺസിലർമാരും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതും ശ്രദ്ധേയമായി. വസ്തു നികുതിയിൽ രണ്ടു ശതമാനം നിരക്കിൽ ഈടാക്കി വരുന്ന സേവന ഉപ നികുതി പത്തു ശതമാനമാക്കി ഉയർത്താനുള്ള നിർദേശം പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒഴിവാക്കി. സേവന നികുതി വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.