കാഞ്ഞങ്ങാട്: സ്കൂൾ പരിസരത്ത് സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ വധശ്രമം. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറിസ്കൂൾ ഗ്രൗണ്ടിലാണ് മൂന്ന് യുവാക്കളെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമമുണ്ടായത്.
വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ ജില്ല ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ഇഖ്ബാൽ നഗർ സ്വദേശികളായ ജുനൈഫ്, സമദ്, ഷറഫുദ്ദീൻ ഉൾപ്പെടെയുള്ള വർക്ക് നേരെയാണ് വധശ്രമമുണ്ടായത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് സംഭവം. അജാനൂർ പാലായിലെ നൗഷാദിനെ (40) കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.
രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പിടികൂടാൻ ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐ കെ.പി. സതീഷ് ഉൾപ്പെടെയുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ ഒരു ഭാഗം ചുറ്റുമതിൽ പ്രതി കാറിടിച്ച് തകർത്തു. സ്കൂൾ പരിസരത്ത് സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കളെയാണ് കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമമുണ്ടായതെന്ന് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു. മദ്യപാനത്തെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ കാർ ഓടിച്ച് കയറ്റുകയായിരുന്നു.
ഓടിരക്ഷപ്പെട്ടതിനാൽ അപകട മൊഴിവായി. പരിക്കേറ്റ യുവാക്കൾ സ്വകാര്യ ആശുപത്രിയിലാണ്. പരിക്കുള്ളതിനാലാണ് പ്രതിയെ ആശുപത്രി സെല്ലിലേക്ക് മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. നൗഷാദിനെ കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.