കാഞ്ഞങ്ങാട്: ഉറൂസ് നഗരിയിൽ അയ്യപ്പഭക്തരെത്തി. മുട്ടുന്തല മഖാമിലാണ് മതസാഹോദര്യം വിളിച്ചോതി മുപ്പതിലേറെ അയ്യപ്പഭക്തരെത്തിയത്. മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റിയും ഉറൂസ് കമ്മിറ്റിയും അയ്യപ്പഭക്തരെ സ്വീകരിച്ചു. മുട്ടുന്തലയിലെയും പരിസരപ്രദേശങ്ങളിലുമുള്ള അയ്യപ്പഭക്തരാണ് മഖാം അങ്കണത്തിലെത്തിയത്. ഭക്തസംഘത്തിൽ കുട്ടികളും മുതിർന്നവരുമുണ്ടായിരുന്നു.
ഉറൂസ് പരിപാടി അവസാനിക്കാൻ ദിവസംമാത്രം ബാക്കിനിൽക്കെയാണ് അയ്യപ്പഭക്തരെത്തിയത്. മല ചവിട്ടാൻ പോകും മുമ്പ് 15ന് മുട്ടുന്തല ഭജനമഠത്തിൽ നടക്കുന്ന പരിപാടിയിലേക്ക് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ ക്ഷണിച്ചാണ് അയ്യപ്പഭക്തർ മടങ്ങിയത്. ഭക്തർക്ക് നൽകിയ സ്വീകരണപരിപാടിയിൽ ജമാഅത്ത് പ്രസിഡന്റ് സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.
മുട്ടുന്തല മസ്ജിദ് ചീഫ് ഇമാം ഹാഫിള് മസ്ഊദ് ഫൈസി അനുഗ്രഹസന്ദേശം നൽകി. ജമാഅത്ത് ജന. സെക്രട്ടറി റഷീദ് മുട്ടുന്തല, റഹ്മാൻ മുട്ടുന്തല, ബദ്റുദ്ദീൻ സൺലൈറ്റ്, ഉറൂസ് കമ്മിറ്റി ചെയർമാൻ ഹാഷിം മാസ്റ്റാജി, നൗഫൽ, ബഷീർ, മൂസഹാജി, രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.