കാഞ്ഞങ്ങാട്: ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിച്ചു. ജില്ല മെഡിക്കൽ ഓഫിസ്, ദേശീയ ആരോഗ്യദൗത്യം, കാഞ്ഞങ്ങാട് ജില്ല ആശുപത്രി, ബ്ലഡ് സെന്റർ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലതല പരിപാടിയിൽ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ.വി. സരസ്വതി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം നിർവഹിച്ചു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് ദിനാചരണ സന്ദേശം നൽകി. ജില്ല ആശുപത്രി ബ്ലഡ് സെന്റർ മെഡിക്കൽ ഓഫിസർ ഡോ. റിജിത് കൃഷ്ണൻ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ജീജ സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ എസ്. സയന നന്ദിയും പറഞ്ഞു. തുടർന്ന് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ല ആശുപത്രി ബ്ലഡ് സെന്റർ കൗൺസിലർ അരുൺ ബേബി ക്ലാസെടുത്തു.
രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഒക്ടോബർ ഒന്ന് ദേശീയ സന്നദ്ധ രക്തദാനദിനമായി ആചരിക്കുന്നത്. 1975 മുതലാണ് ഇന്ത്യയിൽ ദിനാചരണം ആരംഭിച്ചത്. സാമ്പത്തികമോ മറ്റു ലാഭേച്ഛയോ കൂടാതെ ഒരാൾ സ്വന്തം രക്തം ദാനം നൽകുന്നതിനെയാണ് സന്നദ്ധ രക്തദാനം എന്ന് പറയുന്നത്. ഒരാൾ സന്നദ്ധ രക്തദാനം ചെയ്യുന്നതുവഴി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനോടൊപ്പം സ്വന്തം ആരോഗ്യം സംരക്ഷിക്കാനും കഴിയുന്നു. ‘വ്യത്യസ്തരായിരിക്കുക, രക്തം ദാനം ചെയ്യുക, ജീവൻ ദാനം ചെയ്യുക’എന്നതാണ് ഈവർഷത്തെ ദിനാചരണ സന്ദേശം. ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡോ. എ.വി. രാമദാസ് അറിയിച്ചു. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം ചെയ്യാം.
പ്രായം 18നും 65നും ഇടയിലായിരിക്കണം. ഭാരം 45-50 കിലോഗ്രാമിൽ കുറയാതിരിക്കുകയും ശരീര താപനില നോർമലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തിൽ കുറയരുത്. മൂന്ന് മാസത്തിലൊരിക്കൽ ഒരാൾക്ക് രക്തം ദാനം ചെയ്യാം.
ഡി.വൈ.എഫ്.ഐക്ക് സംസ്ഥാനതല പുരസ്കാരം
കാഞ്ഞങ്ങാട്: ജില്ലയില്‍ എറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടനക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്കുന്ന സംസ്ഥാനതല പുരസ്കാരം ഡി.വൈ.എഫ്.ഐക്ക്. തുടർച്ചയായി നാലാം തവണയാണ് ഡി.വൈ.എഫ്.ഐ അവാർഡിനർഹമാകുന്നത്. ദേശീയ സന്നദ്ധ രക്തദാനദിനത്തിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ കെ.വി. സുജാതയിൽനിന്ന് ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് ഷാലുമാത്യു എന്നിവര്‍ ചേര്‍ന്ന് എറ്റുവാങ്ങി. ഒരുവര്‍ഷത്തിനിടെ ജില്ലയില്‍ 6012 യൂനിറ്റ് രക്തമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയത്. കാഞ്ഞങ്ങാട് രക്തബാങ്കില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍വരെ 32 ക്യാമ്പുകളിലായി 980 യൂനിറ്റും കാസര്‍കോട് രക്ത ബാങ്കില്‍ ഇതേ കാലയളവില്‍ 19 ക്യാമ്പുകളിലായി 513 യൂനിറ്റും രക്തം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.