കാഞ്ഞങ്ങാട് : പുലിയിറങ്ങിയ മടിക്കൈ തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറപ്രദേശങ്ങളിൽ വനം വകുപ്പിന്റെ ആർ.ആർ.ടി സംഘം തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ് ച രാവിലെ മുതൽ പ്രദേശത്ത് ആർ.ആർ.ടി സംഘം തിരച്ചിൽ നടത്തി. രാത്രിവരെ തിരച്ചിൽ തുടർന്നു.
പുലിയെ കണ്ട പ്രദേശത്തും പ്രദേശത്തെ കാടുകളിലുമായിരുന്നു പ്രധാനമായും തിരച്ചിൽ നടത്തിയത്. കാസർകോട് നിന്നുമെത്തിയ ആറംഗ ടീമിനൊപ്പം നാട്ടുകാരും സഹായത്തിനെത്തി. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും സ്ഥലത്തുണ്ടായിരുന്നു. പുലിയുടെ കാൽപാട് കണ്ടെത്താൻ പരിശോധന നടന്നു. പാറപ്രദേശമായതിനാൽ കാൽപാടുകൾ പതിയാൻ സാധ്യത കുറവാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ പത്ത് ഏക്കർ വരുന്ന സ്ഥലം കാട് മൂടി കിടക്കുന്നുണ്ട്. പുലി ഈ കാട്ടിലുണ്ടാകാമെന്നാണ് നിഗമനം. ഈ കാട് വെട്ടി തെളിക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.ആർ.ടി സംഘത്തിന്റെ തിരച്ചിൽ തുടരുമെന്ന്, തിരച്ചിലിന് നേതൃത്വം നൽകുന്ന കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുൽ പറഞ്ഞു. ഞായറാഴ്ച ആളുകൾക്കിടയിലൂടെയായിരുന്നു ആടിനെ പുലികടിച്ചു കൊണ്ടുപോയത്. രാത്രി ആളുകൾ ഭയപ്പാടിലാണ് കഴിഞ്ഞു കൂടിയത്. ഞായറാഴ്ച പുലിയെ കണ്ട സ്ഥലത്തിന്റെ സമീപ പ്രദേശമായ കോട്ടപ്പാറ വാഴക്കോട് ഭാഗത്ത് കുറെ ദിവസമായി പുലിയുടെ സാന്നിധ്യമുണ്ട്. ഈ പ്രദേശത്ത് വിവിധ സ്ഥലങ്ങളിലായി ആളുകൾ പുലിയെ കണ്ടിരുന്നു.
കുന്നിൻ മുകളിൽ നിന്ന് വീടിന് മുകളിൽ കൂടി പുലി റബർ തോട്ടത്തിലേക്ക് ചാടി പോവുകയും വാഹനങ്ങൾക്ക് കുറുകെ ചാടുകയും ചെയ്തു. വാഴക്കോട് പ്രദേശത്ത് വനപാലകർ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ പുലിയാണ് മടിക്കൈയിലെത്തിയതെന്നാണ് നിഗമനം. കുട്ടികൾ ഉൾപ്പെടെ ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. പുലിയെ കണ്ടുവരുന്ന പ്രദേശം പാറ നിറഞ്ഞതും കുറ്റിക്കാടുകൾ നിറഞ്ഞതുമാണ്. പുലികൾക്ക് ഇത്തരം കുറ്റിക്കാടുകളിൽ ദിവസങ്ങളോളം കഴിയാനാകുമെന്നാണ് വനപാലകർ പറയുന്നത്. ഭക്ഷണം കിട്ടാതെ വരുന്നതോടെയാണ് ജനവാസ മേഖലകളിലേക്കെത്തുന്നത്. മടിക്കൈയിലിറങ്ങിയ പുലിയിപ്പോൾ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. പുലി കൊന്ന ആടിന്റെ ജഡം പോസ്റ്റ് മോർട്ടം ചെയ്തു
കാഞ്ഞങ്ങാട് : മടിക്കൈ കണ്ണാടി പാറയിൽ പുലി കടിച്ചുകൊന്ന ആടിന്റെ ജഡം പോസ്റ്റ് മോർട്ടം ചെയ്തു. വനപാലകർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വെറ്റിനറി സർജൻ സ്ഥലത്തു വെച്ച് ചൊവ്വാഴ് ച രാവിലെ പോസ്റ്റ് മോർട്ടം ചെയ്യുകയായിരുന്നു. തുടർന്ന് സംസ്കരിച്ചു. ആടിന്റെ കാൽ ഭാഗമടക്കം പുലികടിച്ച് കൊണ്ടുപോയിരുന്നു.
കാഞ്ഞങ്ങാട്: തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറ ഭാഗങ്ങളിൽ പുലിയിറങ്ങിയതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ഭീതിയകറ്റണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. ജനവാസ സ്ഥലങ്ങളിലാണ് പുലിയെ കണ്ടതെന്ന് ആളുകൾ പറയുന്നു. ഇത് മൂലം പൊതുജനം ഭയവിഹ്വലരാണ്.
കോട്ടപ്പാറക്ക് സമീപം വാഴക്കോട് ഭാഗത്ത് ദിവസങ്ങളായി കണ്ട് വന്ന പുലിയാണിതെന്നാണ് സംശയം. ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് ഇടപെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സമദ് പാറപ്പള്ളി ആവശ്യപ്പെട്ടു.
മുളിയാർ: ഗ്രാമത്തിൽ തുടർച്ചയായി നേരിടുന്ന പുലി ശല്യത്തിനെതിരെ മുളിയാർ പീപ്പ്ൾസ് ഫോറം ബോവിക്കാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. പുലികളെ കൂട് വെച്ച് പിടികൂടുക, എ.ആർ.ടി ശക്തിപ്പെടുത്തുക, വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യം ഉന്നയിച്ചവരാണ് മാർച്ചിൽ പങ്കെടുത്തത്. വിളകളും കടിഞ്ഞാറുമാണ് കൂടുതൽ ലക്ഷ്യമാകുന്നത്. കുട്ടികളുടെയും വയോധികരുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടി വേണമെന്ന് ഫോറം ആവശ്യപ്പെട്ടു.
ഫോറസ്റ്റ് അധികൃതർ വിഷയത്തിൽ അവഗണന കാണിക്കുന്നതായി ആരോപിച്ച പ്രതിഷേധക്കാർ, പുലിയെ പിടികൂടാനും ഗ്രാമത്തിന് സുരക്ഷ ഉറപ്പാക്കാനുമുള്ള കൃത്യമായ നടപടി ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു. ഫോറസ്റ്റ് ഡിപ്പാർട്മെന്റ് പ്രതിനിധികൾ ജനപ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി. മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകൻ ഡോ:ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻ്റ് ബി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
ഇ. മണികണ്ഠൻ, കെ.ബി. മുഹമ്മദ് കുഞ്ഞി, ഷഹദാദ്, ഷരീഫ് കൊടവഞ്ചി, കെ. സുരേഷ് കുമാർ, വി.എം. കൃഷ്ണപ്രസാദ്, വേണുമാസ്റ്റർ, സാദത്ത് മുതലപ്പാറ, സാദത്ത് മൻസൂർ മല്ലത്ത്, എബി കുട്ട്യാനം, കബീർ മുസ്ല്യാർ നഗർ, അബ്ബാസ് കൊളച്ചപ്പ്, അനീസ മൻസൂർ, രവീന്ദ്രൻപാടി, സുഹറ ബോവിക്കാനം, ഹംസ ആലൂർ, വി. ഭവാനി, നാരായണികുട്ടി, ബി.എം ഹാരിസ്, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരൻ, മണികണ്ഠൻ ഓമ്പയിൽ, അബൂബക്കർ ചാപ്പ, പി. അബ്ദുല്ല കുഞ്ഞി, ഹമീദ് ബാവിക്കര, കെ. അബ്ദുൾഖാദർ കുന്നിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.