കാഞ്ഞങ്ങാട്: ദേശീയപാതയിൽ നീലേശ്വരം പുഴക്ക് പാലം നിർമിക്കാൻ മണ്ണിട്ടതോടെ മടിക്കൈയിൽ 40 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു. പരുത്തിപ്പുഴയുടെ ഭാഗത്താണ് ഏക്കറോളം നെൽകൃഷി വെള്ളത്തിനടിയിലായത്. തുലാവർഷം കഴിഞ്ഞാണ് ഇവിടെ കർഷകർ നെൽകൃഷി നടത്താറുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളെ വെച്ച് ഓരോ കർഷകർക്ക് 70,000ത്തോളം രൂപ കൂലിയിനത്തിൽ ചെലവായതായി കർഷകർ പറഞ്ഞു.
നീലേശ്വരം പുഴക്ക് നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് മണ്ണിട്ടത്. വെള്ളം ഇറങ്ങിപ്പോകാൻ ഓവുചാലിന്റെ വീതി മാത്രമേയുള്ളൂ. ഇതോടെ, നീലേശ്വരം പുഴയുടെ കൈവഴിയായ അരയിപ്പുഴയിലും പരുത്തിപ്പുഴയിലും വെള്ളം കയറുകയും പുഴക്കരയിലെ പാടങ്ങളിൽ വെള്ളം കെട്ടിനിന്ന് നെൽകൃഷി നശിക്കുകയും ചെയ്തു. കരുണാകരൻ ആലയി, എ.വി. രാജു, മനോഹരൻ കയ്യിൽ, കേളു തുടങ്ങിയ കർഷകരുടെ നെൽകൃഷിയാണ് നശിച്ചത്.പ്രദേശം കാഞ്ഞങ്ങാട് സബ് കലക്ടർ പ്രതിക് ജെയിൻ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കെ.വി. പ്രമോദ്, വി. ചന്തു, മടിക്കൈ കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. മാസങ്ങൾക്കുമുമ്പും സമാനമായ രീതിയിൽ വെള്ളം കയറി മടിക്കൈയിൽ ഏക്കറുകണക്കിന് വാഴക്കൃഷിയുൾപ്പെടെ നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.