കാഞ്ഞങ്ങാട്: പുതുവർഷാഘോഷം അതിരുകടക്കാതിരിക്കാൻ നടപടിയുമായി പൊലീസ്. ദിവസങ്ങൾക്ക് മുമ്പേ പരിശോധന കർശനമാക്കി. ഇടറോഡുകളിലടക്കം പൊലീസ് സാന്നിധ്യമുണ്ടാകും. ലഹരിയുപയോഗം തടയാനും പ്രത്യേകസംഘത്തെ നിയോഗിച്ചുണ്ട്.
ഡിവൈ.എസ്.പിമാർ മേൽനോട്ടം വഹിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ സ്റ്റേഷൻ പരിധികളിലും പ്രത്യേക പരിശോധനകളുണ്ട്. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ബാറുകളിലും മറ്റ് മദ്യവിൽപനശാലകളിലും സമയപരിധിക്കുശേഷമുള്ള മദ്യവില്പന അനുവദിക്കില്ല.
അനധികൃത മദ്യനിർമാണം, ചാരായ വാറ്റ്, സെക്കന്റ്സ് മദ്യവിൽപന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനയുണ്ടാകും. പ്രത്യേക മേഖലകളാക്കി തിരിച്ച് നഗരത്തിന്റെയും ഗ്രാമങ്ങളിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചും പരിശോധനയുണ്ടാകും.
കാസർകോട് - കർണാടക അതിർത്തിയിൽ പരിശോധന ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ചു.ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങൾ നിരീക്ഷിക്കുന്നതിന് ജില്ല അതിർത്തിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കർണാടകയിൽനിന്ന് എം.ഡി.എം.എ, കഞ്ചാവ്, കർണാടക മദ്യം എന്നിവ വ്യാപകമായി എത്തുന്നുണ്ട്. പൊലീസ് പരിശോധന കർശനമായതോടെ മയക്കുമരുന്ന്, മദ്യക്കടത്ത് തടയാൻ ഒരുപരിധിവരെ പൊലീസിനായിട്ടുണ്ട്.
എങ്കിലും പുതുവർഷം പ്രമാണിച്ച് മയക്കുമരുന്നും മദ്യവും സ്റ്റോക്ക് ചെയ്തിട്ടുണ്ടാകുമെന്നും വിൽപന നടക്കുമെന്നും പൊലീസ് കരുതുന്നു. രാത്രി നടക്കാൻ സാധ്യതയുള്ള ലഹരിയുപയോഗം കുറക്കാനാണ് പരിശോധന ഊർജിതമാക്കിയത്. മലയോരമേഖലകളിൽ വ്യാജ ചാരായ ഉപയോഗം തടയാനും പരിശോധനയുണ്ടാകും.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ പൊലീസ് നടത്തിയ പരിശോധനയിൽ നൂറുകണക്കിനുപേർ മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ പിടിയിലായി. എം.ഡി.എം.എ, കഞ്ചാവ് എന്നിവ ഉപയോഗിച്ചവരും മറ്റ് ലഹരിവസ്തുക്കൾ വിൽപന നടത്താൻ ശ്രമിച്ചവരും പിടിയിലായി. ചൊവ്വാഴ്ച പകലും രാത്രിയും പൊലീസ് തെരുവിലുണ്ടാകും.പുതുവർഷരാത്രിയിൽ വാഹനാപകടങ്ങൾ കൂടുന്നതിന്റെ ഭാഗമായി കൂടിയാണ് കർശന പരിശോധന. ആഘോഷത്തിനിടെയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നടപടി കർശനമാക്കും.
പുതുവർഷ പാർട്ടികൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. പുതുവർഷം പ്രമാണിച്ചുള്ള സൈബർ തട്ടിപ്പ് സംഘങ്ങൾക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആശംസകളുമായെത്തുന്ന വ്യാജ ആപ്പുകളെ കരുതിയിരിക്കണമെന്നും ഇത് തുറക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.