കാഞ്ഞങ്ങാട്: കഴിഞ്ഞ രണ്ടു ദിവസമായി മോഷ്ടാവ് നടത്തിവരുന്ന തേരോട്ടത്തിൽ ഉറക്കം നഷ്ടപ്പെട്ട് നാട്. പള്ളിക്കരയിലും പൂച്ചക്കാടും കല്ലിങ്കാലിലുമാണ് കവർച്ച പരമ്പര. പൂച്ചക്കാട് പരിസരത്തെ മൂന്ന് വീടുകളിലായിരുന്നു ആദ്യം മോഷണമുണ്ടായത്. പിന്നാലെ കല്ലിങ്കാലിലെ എട്ടോളം വീടുകളിലും കള്ളൻ കയറി.
പൂച്ചക്കാട്ടെ മൂന്നു വീടുകളിൽ കയറിയ മോഷ്ടാവിന് വിലപിടിപ്പുള്ളതൊന്നും കിട്ടിയില്ല. രണ്ട് വീടുകളിൽനിന്നായി പതിനായിരത്തോളം രൂപ നഷ്ടമായി. സി.സി.ടി.വി കാമറയിൽ പ്രതി കുടുങ്ങിയിട്ടുണ്ടെങ്കിലും നാടിനെ വിറപ്പിച്ച കള്ളനെ തിരിച്ചറിയാനായിട്ടില്ല.
പൂച്ചക്കാട് ജങ്ഷന് സമീപത്തെ ഷബീർ, പള്ളിക്കരക്കും പൂച്ചക്കാടിനുമിടയിലുള്ള രണ്ട് വീടുകളിലും കവർച്ചക്കെത്തിയത് ഷർട്ട് ധരിക്കാതെ മുഖം മറച്ചാണെന്ന് സി.സി.ടി.വി കാമറ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ വീടുകളിലും വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഗ്രില്ല് മുറിക്കുകയും ചെയ്തു. മോഷ്ടാവ് വീട്ടിലേക്ക് മതിൽ ചാടികടക്കുന്നതും കുറെനേരം മതിലിനു മുകളിലിരിക്കുന്നതും സി.സി.ടി.വി ദൃശ്യത്തിലുണ്ട്.
എല്ലാ കവർച്ചകൾക്കു പിന്നിലും ഒരു യുവാവ് തന്നെയാണെന്നാണ് കരുതുന്നത്. ആൾത്താമസമില്ലാത്ത വീടുകളിലും സ്ത്രീകൾ മാത്രമുളള വീടുകളിലും കയറിയ മോഷ്ടാവ് പുരുഷന്മാരുള്ള വീടുകളെയും വെറുതെ വിട്ടില്ല. കിടപ്പുമുറിയിൽ കയറി അലമാരകളടക്കം കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു.
കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെന്നതാണ് ഏക ആശ്വാസം. എല്ലാവരും രാത്രികാലത്ത് കരുതിയിരിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.