കാഞ്ഞങ്ങാട്: ചെമ്മട്ടം വയലിലെ ജില്ല ആശുപത്രിയിലെ പ്രസവ ചികിത്സ വിഭാഗം നിർത്തലാക്കാൻ നീക്കം. ജില്ല ആശുപത്രിയുടെ പ്രസവ വാർഡ് പൂർണമായും അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പറിച്ചു മാറ്റുന്നതിന്റെ ഭാഗമാണെന്നാണ് അറിയുന്നത്. ജില്ല പഞ്ചായത്തിന് ഇതുസംബന്ധിച്ച് നിർദേശം സർക്കാറിൽ നിന്നും മാസങ്ങൾക്ക് മുമ്പേ വന്നതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ല പഞ്ചായത്ത് ഇതുസംബന്ധിച്ച് കൂടിയാലോചനകളും പഠനവും നടത്തിയിട്ടുണ്ട്.
പ്രസവ വാർഡ് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റുന്നതിൽ ജില്ല പഞ്ചായത്തിന് എതിർപ്പില്ല. ഇത് ജില്ല ആശുപത്രിയിൽ കൂടുതൽ സൗകര്യമുണ്ടാക്കും. ചികിത്സ കൂടുതൽ കാര്യക്ഷമമാകും. പ്രസവ വാർഡ് നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ സർക്കാർ ഡോക്ടർമാരിൽ നിന്നടക്കം ഇതിനോടകം പ്രതിഷേധം ഉയർന്നുകഴിഞ്ഞു. പ്രസവ വാർഡ് ഇല്ലാതായാൽ ജില്ല ആശുപത്രിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്ന് വിലയിരുത്തുന്നവരുണ്ട്. ജില്ല ആശുപത്രിയുടെ ആവിർഭാവം മുതൽ പ്രസവ വാർഡുണ്ട്.
നിലവിൽ ആവശ്യത്തിനുള്ള കെട്ടിടവും ശസ്ത്രക്രിയ നടത്തുന്നതിനുൾപ്പെടെ അത്യാധുനിക സംവിധാനവും ജില്ല ആശുപത്രിക്കുണ്ട്. മൂന്ന് ഗൈനക്കോളജിസ്റ്റുകളും ആവശ്യത്തിന് ജീവനക്കാരുമുണ്ട്. അനാവശ്യ നീക്കമാണിതെന്നാണ് പരാതി. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ല ആശുപത്രിയിൽ നിന്നും അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പ്രസവ വാർഡ് മാറ്റുന്നതിൽ തീരുമാനമായിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ എ.വി. രാംദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.