കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനെയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചക്ക് പെരിയ ടൗണിലൂടെ ജില്ല ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയക്കൊപ്പം നടന്നു പോകുന്നതിനിടെയാണ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.
പ്രദീപും കാർത്തികേയനും സഹപ്രവർത്തകരും കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബേദ്കർ കോളജിലേക്ക് പോകുമ്പോഴാണ് വളഞ്ഞിട്ടു പിടിച്ചതെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന പ്രവർത്തകരും പൊലീസുമായി ഏറെ നേരം തർക്കിച്ചു. പിന്നീടാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തത്.
ആറ് മാസം മുമ്പ് മുഖ്യമന്ത്രി ജില്ലയിലെത്തിയ സമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് ശരത്ത് മരക്കാപ്പ്, യൂത്ത് കോൺഗ്രസ് നേതാവ് ഷിബിൻ ഉപ്പിലിക്കൈ എന്നിവരെ കാഞ്ഞങ്ങാട്ട് നിന്നും ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച ജില്ലയിൽ പ്രതിഷേധ പരിപാടികളൊന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.