കാഞ്ഞങ്ങാട്: ഉയർന്ന പലിശ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതിപ്രവാഹം. അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ പത്തും ഹോസ്ദുർഗിൽ നാലും വെള്ളരിക്കുണ്ടിൽ ആറും കേസുകൾകൂടി രജിസ്റ്റർ ചെയ്തു. ചിറ്റാരിക്കാലിലും കേസുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും കാഞ്ഞങ്ങാട്, ചന്തേര, ബേഡകം, നീലേശ്വരം, മേൽപറമ്പ പൊലീസ് സമാന കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
സിഗ്സ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ ഏഴുപേർക്കെതിരെയാണ് എല്ലായിടത്തും കേസെടുത്തത്. ഡയറക്ടർമാരായ കോട്ടയം അമ്പാടിക്കവലയിലെ വൃന്ദ രാജേഷ്, ചെമ്മനാട് ചെരുമ്പയിലെ കുഞ്ഞിച്ചന്തു, തളിപ്പറമ്പ് സ്വദേശിനി മേഴ്സി ജോയി, സുരേഷ് ബാബു തളിപ്പറമ്പ്, കോട്ടയം അയ്മനം സ്വദേശികളായ രാജീവ്, സന്ധ്യ രാജീവ്, തളിപ്പറമ്പിലെ കമലാക്ഷൻ എന്നിവരാണ് പ്രതികൾ. കാൽലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെ ഓരോ പരാതിക്കാരനും നഷ്ടപ്പെട്ടു.
കാഞ്ഞങ്ങാട്, ചേടി റോഡ്, നീലേശ്വരം, പെരിയ ഉൾപ്പെടെ ഓഫിസുകൾ പ്രവർത്തിച്ചതാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ ആസ്ഥാനം കോട്ടയത്താണ്. ജില്ലയിൽ സിഗ്സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം അമ്പതിനടുത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.