കാഞ്ഞങ്ങാട്: ഉത്രാടസന്ധ്യയിൽ കാഞ്ഞങ്ങാട് പട്ടണം കണ്ടുമടങ്ങിയവർ തിരുവോണപ്പുലരിയിൽ വീണ്ടുമെത്തിയപ്പോൾ കണ്ടത് മാലിന്യക്കൂനകൾ. ഒരാഴ്ചനീണ്ട കച്ചവടത്തിനിടെ പട്ടണത്തിൽ നിറഞ്ഞത് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യമാണ്.
ഉത്രാടദിനം വൈകുന്നേരത്തോടെ പൂക്കളുടെ അവശിഷ്ടങ്ങളും നിറഞ്ഞു. അന്ന് രാത്രിതന്നെ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതയും മറ്റ് ജനപ്രതിനിധികളും ചൂലെടുത്തിറങ്ങി. റോഡിലെയും അരികുകളിലെയും മുഴുവൻ മാലിന്യവും നീക്കംചെയ്തു. അർധരാത്രി തുടങ്ങിയ പണി മണിക്കൂറുകൾ നീണ്ടു. കോവിഡ് വ്യാധിയിൽ നഗരത്തിൽ വഴിയോര കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പതിവിൽനിന്ന് വ്യത്യസ്തമായി പൂക്കച്ചവടവും മറ്റ് വഴിയൊരകച്ചവടവും നഗരത്തെ കൈയൊഴിയുകയായിരുന്നു.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വഴിവാണിഭക്കാർ നഗരത്തെ കൈയൊഴിഞ്ഞെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങിൽ കച്ചവടമുണ്ടായിരുന്നു. ഉത്രാടത്തിരക്കിൽ ഉണ്ടാവുന്ന മാലിന്യങ്ങൾ ഓണപ്പുലരിയിൽ ഉണ്ടാവരുതെന്ന ചെയർപേഴ്സെൻറ നിർദേശം ആരോഗ്യവിഭാഗം ശുചീകരണ തൊഴിലാളികൾ അക്ഷരംപ്രതി നടപ്പിലാക്കുകയായിരുന്നു. പുതിയ കോട്ട മിനി സിവിൽ സ്റ്റേഷൻ പരിസരം മുതൽ നോർത്ത് കോട്ടച്ചേരിവരെ ഒറ്റരാത്രികൊണ്ട് ശുചീകരിക്കാൻ സ്ഥിരംസമിതി അധ്യക്ഷന്മാരും കൗൺസിലർമാരും ചെയർപേഴ്സെൻറ കൂടെ ഉണ്ടായിരുന്നു. കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമായി കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും വാഹനത്തിരക്ക് ഒഴിവാക്കാൻ പാർക്കിങ് സൗകര്യങ്ങളുൾപ്പെടെ തയാറാക്കാൻ നഗരസഭയുമായി കൈകോർത്ത ഡിവൈ.എസ്.പി ഡോ. ബാലകൃഷ്ണൻ, സ്റ്റേഷൻ ഹൗസ് ഓഫിസർ ഷൈൻ എന്നിവരും നഗരസഭക്ക് പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.