കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ തട്ടി ദമ്പതികള്‍ മുങ്ങിയതായി പരാതി. തിരുവനന്തപുരം കക്കമൂല, കള്ളിയൂര്‍-കല്ലരാവിലയിലെ സിദ്ദീഖ് എന്ന ബൈജുവും സുഹറ എന്ന സാറമ്മയുമാണ് മുങ്ങിയത്. അജാനൂര്‍ കൊളവയില്‍ ഇട്ടമ്മലില്‍ ഒന്നരവര്‍ഷം താമസിച്ച ഇവര്‍ പരിസരവാസികളോട് ലക്ഷങ്ങൾ തട്ടി സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പിനിരയായവര്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആദ്യം ഭക്ഷണത്തിന് സഹായമായും പിന്നീട് ഭാര്യയുടെ കാന്‍സര്‍ രോഗത്തിനുള്ള ചികിത്സ ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാള്‍ ആളുകളില്‍നിന്ന് പണം വാങ്ങിയത്.
രണ്ടാം ഘട്ടമെന്നനിലയില്‍ സ്വദേശമായ നേമത്ത് വസ്തുവില്ക്കാനുണ്ടെന്നും ആ തുക ഉപയോഗിച്ച് വീടും സ്ഥലവും വാങ്ങാനുള്ള ഒരുക്കമാണെന്നും നാട്ടുകാരെ വിശ്വസിപ്പിച്ചു. ഇതിനിടയില്‍ പ്രദേശത്തെ വസ്തുവിന് വില പറയുകയും അച്ചാരം ഉറപ്പിക്കുകയും ചെയ്യുന്നു. പിന്നീട്, നേമത്തെ വസ്തു ഇടപാടില്‍ ചെറിയ സാങ്കേതികത്വം നേരിട്ടെന്നും ഉടന്‍ പരിഹരിക്കപ്പെടുമെന്നും പറഞ്ഞ് അച്ചാരമുറപ്പിച്ച വീടിന് അഡ്വാന്‍സ് കൊടുക്കാന്‍ എന്ന വ്യാജേന പ്രദേശവാസികളില്‍നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കുന്നു. പെരുമാറ്റത്തിലോ ഇടപെടലുകളിലോ ഒരു സംശയവും തോന്നാത്തതിനാല്‍ ആളുകള്‍ ഇയാളെ സഹായിച്ചിരുന്നു.
ചിലയിടങ്ങളില്‍ വീട് കച്ചവടത്തിനു പകരം പ്രദേശവാസികളുമായി ചേര്‍ന്ന് മരക്കച്ചവടം, വാട്ടര്‍ സര്‍വിസ്, ആക്രിക്കച്ചവടം, ചായക്കട തുടങ്ങിയ വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഭീമമായ തുക ഇയാള്‍ കൈക്കലാക്കും. ശേഷം ഒരു മുന്നറിയിപ്പുമില്ലാതെ സ്ഥലം കാലിയാക്കുേമ്പാഴാണ് പറ്റിക്കപ്പെട്ട വിവരം നാട്ടുകാര്‍ തിരിച്ചറിയുന്നത്. ഇവര്‍ക്കെതിരെ കാഞ്ഞങ്ങാട്, പയ്യോളി പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. എത്രയുംവേഗം ഇവരെ അറസ്റ്റ് ചെയ്യണമെന്ന് തട്ടിപ്പിനിരയായവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.