കാഞ്ഞങ്ങാട് : ബി.ജെ.പിയുമായി കടുത്ത മത്സരം നടത്തി പിടിച്ചെടുത്ത പോസ്ദുർഗ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വനിത നേതാവിനെ തഴഞ്ഞ് മറ്റൊരാളെ പ്രസിഡന്റാക്കിയതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം. വനിതാ നേതാവ് സ്ഥലത്തില്ലാത്ത സമയത്ത് സൊസൈറ്റി പ്രസിഡന്റിനെ തെരഞ്ഞെടുത്തതിനെ ചൊല്ലിയാണ് കോൺഗ്രസിൽ തർക്കം ഉണ്ടായത്.
കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി തമ്പാൻ നായരെ പ്രസിഡന്റായി കോൺഗ്രസ് നിയമിച്ച് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തമ്പാൻ നായരെ അംഗീകരിക്കുകയും മുസ്ലിം ലീഗിലെ കരീം കുശാൽ നഗറിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.
ഒമ്പത് ഡയറക്ടർ ബോർഡ് യോഗത്തിലേക്ക് കഴിഞ്ഞദിവസം നടന്ന കടുത്ത മത്സരത്തിനൊടുവിൽ ഒമ്പത് സീറ്റിലും യു.ഡി.എഫ് വിജയിക്കുകയായിരുന്നു. കോൺഗ്രസിന് ഏഴും മുസ്ലിം ലീഗിന് രണ്ടും സീറ്റാണ് ഉള്ളത്. മുൻ നഗരസഭ വൈസ് ചെയർപേഴ്സനും മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ സി. ശ്യാമള പ്രസിഡന്റു സ്ഥാനത്ത് എത്തുമെന്നായിരുന്നു ആദ്യം മുതലേ ഉള്ള സൂചന.
ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിച്ച ഒമ്പതു പേരിൽ എട്ടു പുതുമുഖങ്ങളായിരുന്നുവെങ്കിലും സി. ശ്യാമള മാത്രമാണ് മുൻകാലങ്ങളിൽ ഡയറക്ടറായിരുന്ന അംഗം. ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ശ്യാമള വിജയിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി നിർബന്ധിച്ചായിരുന്നു ശ്യാമളയെ മത്സരത്തിനിറക്കിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ ഡി.സി.സി പ്രസിഡന്റ് ശ്യാമളയെ ഫോണിൽ വിളിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് താൽപര്യമുണ്ടോ എന്ന് ആരാഞ്ഞിരുന്നു.
പാർട്ടി പറഞ്ഞാൽ പ്രസിഡന്റാകാൻ തയാറാണെന്ന് ശ്യാമള അറിയിച്ചിരുന്നു. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് ആശുപത്രിയിൽ പതിമൂന്നാം തീയതി പോകേണ്ടിയിരുന്ന ശ്യാമള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 17ലേക്ക് യാത്ര മാറ്റിവെക്കുകയായിരുന്നു.
ഇക്കാര്യം പാർട്ടിയെ അറിയിക്കുകയും ചെയ്തിരുന്നു. 17 മുതൽ ഏതാനും ദിവസത്തേക്ക് കോഴിക്കോട് ആശുപത്രിയിൽ ആയിരിക്കുമെന്നും ശ്യാമള പാർട്ടി നേതൃത്വത്തെയും ഡി.സി.സി പ്രസിഡന്റിനെ നേരിട്ട് അറിയിച്ചതാണ്. രണ്ടാഴ്ചക്കുശേഷം ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു തീരുമാനമെങ്കിലും ശ്യാമള സ്ഥലത്തില്ലാത്ത സമയത്ത് ധൃതിപ്പെട്ട് യോഗംചേർന്ന് തമ്പാൻ നായരെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.
ഇതിനു പിന്നിൽ കോൺഗ്രസിലെ ചില നേതാക്കളാണെന്നാണ് സൂചന. ശ്യാമള സ്ഥലത്തില്ലാത്തത് നോക്കി തമ്പാൻ നായരെ പ്രസിഡന്റ് ആക്കിയതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. താൻ സ്ഥലത്തില്ലാത്ത സമയത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തതിൽ ശ്യാമളക്കും കടുത്ത വിയോജിപ്പുണ്ട്.
നിലവിലെ ഡയറക്ടർമാരിൽ പ്രസിഡന്റാകാൻ കൂടുതൽ സാധ്യത ശ്യാമളക്കായിരുന്നു. ബി.ജെ.പിയെ ഡയറക്ടർ സ്ഥാനത്ത് എത്തുന്നതിൽനിന്നും തടഞ്ഞതിൽ പ്രധാന പങ്കുവഹിച്ചതും സി. ശ്യാമളയായിരുന്നുവെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.