സി.പി.എം സഹകരണ ആശുപത്രിക്ക് പിറകെ, അമ്മയും കുഞ്ഞും ആശുപത്രി ഇനിയും നീളുമോ

കാഞ്ഞങ്ങാട്: സഹകരണ ആശുപത്രി ഉദ്ഘാടനം കഴിഞ്ഞപ്പോൾ സി.പി.എം മറന്നത് ഒന്നാം പിണറായി സര്‍ക്കാറി‍െൻറ അവസാന കാലത്ത് ഉദ്ഘാടനം ചെയ്തിട്ടും തുറക്കാതെ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയുടെ കാര്യം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഹൊസ്ദുര്‍ഗ് പഴയ ജില്ലാശുപത്രിക്ക് സമീപം മൂന്നു നില കെട്ടിടം മുൻ മന്ത്രി ഷൈലജ ഉദ്ഘാടനം ചെയ്തത്. 9.40 കോടി രൂപയാണ് നിര്‍മാണ ചെലവ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക്, പ്രസവം, സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സ തുടങ്ങിയ സേവനങ്ങൾ ലക്ഷ്യമിട്ടാണ് 112 ബെഡുകളുള്ള മാതൃശിശു ആശുപത്രി നിര്‍മിച്ചത്.

പ്രസവം മുതല്‍ ശിശുരോഗങ്ങളും സ്ത്രീകളുടെ അസുഖങ്ങളും ചികിത്സിച്ചു ഭേദമാക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രമാകും ഈ ആശുപത്രിയെന്നായിരുന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞത്. വൈദ്യുതീകരണം വൈകിയതും ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമാകാത്തതുമാണ് ഈ ആശുപത്രി തുറക്കാത്തത് എന്നാണ് ആശുപത്രി ചുമതലയുള്ള ജില്ല പഞ്ചായത്ത് പറയുന്നത്. എന്നാൽ, കാഞ്ഞങ്ങാട് ആസ്ഥാനമാക്കി സി.പി.എം പുതിയ സഹകരണാശുപത്രി ആയതോടെ അമ്മയും കുഞ്ഞും ആശുപത്രിയുടെ കാര്യത്തിൽ വേണ്ട ശ്രദ്ധയുണ്ടാകുമോ എന്നതാണ് നാട്ടുകാരുടെ ചോദ്യം.

ആശുപത്രിയിലേക്ക് ആവശ്യമായ ഒരു തസ്തികപോലും ഇനിയും അനുവദിച്ചിട്ടില്ല. കഴിഞ്ഞ തവണ ജില്ല സന്ദർശിച്ച ആരോഗ്യ മന്ത്രി പറഞ്ഞത് മാർച്ച് അവസാന വാരത്തിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ്. ഈ നിലയിൽ കാര്യങ്ങൾ പോയാൽ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.

തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ല ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിട്ടു മാസങ്ങള്‍ കഴിഞ്ഞു. സ്ഥലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ ഒട്ടേറെ തവണ മന്ത്രിക്കു കത്ത് നൽകി. എന്നാൽ, തസ്തിക അനുവദിക്കുന്ന കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ല. 

Tags:    
News Summary - CPM going after Co-operative Hospital, will the Ammayum Kunjum hospital happen?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.