കാഞ്ഞങ്ങാട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള ഹോസ്ദുർഗ് കൈറ്റ് ബീച്ച് നഗരസഭ അടച്ചിട്ടതായുള്ള പ്രചാരണം ശരിയല്ലെന്ന് ചെയർപേഴ്സൻ കെ.വി. സുജാത മാധ്യമത്തോട് പറഞ്ഞു. ഡി.ടിപി.സിക്കോ, കരാറുകാരനോട് പൂട്ടാനാവശ്യപ്പെട്ടോ നഗരസഭ നോട്ടീസ് നൽകിയിട്ടില്ലെന്നും ചെയർപേഴ്സൻ പറഞ്ഞു. മഴക്കാലത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കാരണം അടച്ചിട്ടതല്ലാതെ കൈറ്റ് ബീച്ച് അടച്ചിടാൻ നിർദേശം നൽകിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ നടത്തിപ്പുകാർ അനുമതിയില്ലാതെ ഒരു ഫെസ്റ്റ് നടത്തിയിരുന്നു. അതിനെതിരെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്സൻ പറഞ്ഞു. ജയന്റ് വീൽ ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന് പ്രദർശനം നടത്തിയതിനെതിരെയായിരുന്നു നോട്ടീസ്. കൈറ്റ് ബീച്ചിൽ കൂടുതൽ നിർമാണ പ്രവൃത്തിക്ക് കരാറുകാർക്ക് അനുമതിയില്ല.
ബീച്ചിൽനിന്ന് മാലിന്യം കടലിലേക്ക് ഒഴുക്കാൻ പാടില്ല. മാലിന്യം ഒഴുക്കിയെന്ന പരാതിയിൽ നേരത്തെ കരാറുകാരന് നോട്ടീസ് നൽകുകയും നിർദേശം നൽകുകയും ചെയ്തിരുന്നു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന കാഞ്ഞങ്ങാട് നഗരസഭക്കെതിരെ ബീച്ച് പൂട്ടിച്ചെന്ന പ്രചരണം എന്ത് താൽപര്യപ്രകാരമെന്നറിയില്ലെന്നും ചെയർപേഴ്സൻ പറഞ്ഞു.
ബീച്ച് ഉടൻ വീണ്ടും സജീവമാകുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫും അറിയിച്ചു. ചില അറ്റകുറ്റപ്പണി പൂർത്തിയാക്കി അടുത്ത ദിവസം തുറക്കും. ഇവിടെ ലൈസൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കടലാസുപണികൾ നടന്നുവരികയാണ്. സി.ആർ.സെഡ് അനുമതിയുമായി ബന്ധപ്പെട്ട രേഖകൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടതൊഴിച്ചാൽ നഗരസഭയുടെ ഒരു നിർദേശവും ഇവിടെയുണ്ടായിട്ടില്ല. ഇവിടെ സ്ഥായിയായ ഒരു നിർമാണ പ്രവർത്തനങ്ങളും ഇല്ലെന്ന് ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു.
ഒരു താൽക്കാലിക ഹാൾ, കിച്ചൻ, കുട്ടികൾക്ക് കളിക്കാനുള്ള ഇടം എന്നിവയാണുള്ളത്. ഇവയെല്ലാം താൽക്കാലിക നിർമാണങ്ങളാണ്. ഇവിടെ എട്ട് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി വാടകക്ക് എട്ട് മുറികൾ കച്ചവടാവശ്യത്തിന് നൽകിയിരുന്നു. കൈറ്റ് ബീച്ച് നടത്തിപ്പുകാർ അടച്ചിട്ട കാലത്തെ വാടക സംബന്ധിച്ച് ഡി.ടി.പി.സി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.