കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടക്കേസിൽ നീലേശ്വരം പൊലീസ് എട്ട് ക്ഷേത്രഭാരവാഹികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഇതുസംബന്ധിച്ച പ്രഥമവിവര റിപ്പോർട്ട് അന്വേഷണസംഘം കോടതിക്ക് കൈമാറി. ജാമ്യം ലഭിച്ച പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയാണ് ജില്ല സെഷൻസ് കോടതി പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കാൻ നിർദേശം നൽകിയത്. ജാമ്യക്കാരില്ലാത്തതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത രാജേഷിനെ പുറത്തിറക്കരുതെന്ന് നിർദേശിച്ച കോടതി, ജാമ്യത്തിലിറങ്ങിയ ക്ഷേത്രം ഭാരവാഹികൾക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയക്കുകയും ചെയ്തു.
വ്യാഴാഴ്ച ജില്ല സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് ഇവർക്കെതിരെ വാറന്റ് പുറപ്പെടുവിക്കാൻ കീഴ്കോടതിക്ക് നിർദേശം നൽകിയത്. റിമാൻഡിലുള്ള മറ്റൊരു പ്രതി വിജയൻ ജാമ്യാപേക്ഷ നൽകാൻ നീക്കം നടത്തുന്നതിനിടെയാണ് ജില്ല സെഷൻസ് കോടതിയുടെ ഇടപെടലുണ്ടായത്.
ജാമ്യം ലഭിച്ച പ്രതികൾ പൊലീസിൽ കീഴടങ്ങാതെ ഹൈകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.