കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരന് തലക്ക് കല്ലേറുകൊണ്ട് ഗുരുതരമായി പരിക്കേറ്റു. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെ വെള്ളിയാഴ്ച പുലർച്ച 12.55നാണ് കല്ലേറുണ്ടായത്. കൊല്ലം സ്വദേശി മുരളിക്കാണ് (62) പരിക്കേറ്റത്.
തലക്ക് പരിക്കുകളോടെ മുരളിയെ നീലേശ്വരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ഏഴ് തുന്നലുകളുണ്ട്. ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഒരാളെ മറ്റ് യാത്രക്കാരുൾപ്പെടെ ചേർന്ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടിരുന്നു. ഇതിൽ പ്രകോപിതനായി ട്രെയിനിൽനിന്ന് പുറത്താക്കപ്പെട്ടയാൾ കല്ലെറിയുകയായിരുന്നു.
പിറകുവശത്തെ ജനറൽ കമ്പാർട്മെന്റിലെ യാത്രക്കാരനായിരുന്നു മുരളി. മംഗളൂരുവിൽ മത്സ്യത്തൊഴിലാളിയായ മുരളി കൊല്ലത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. ആക്രമിയെ കണ്ടെത്താനായിട്ടില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ആക്രമിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. മുരളിയിൽനിന്ന് പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. കാസർകോട് റെയിൽവേ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.