കാഞ്ഞങ്ങാട്: ‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’...ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെതാണ് വാക്കുകൾ. സമൂഹ മാധ്യമം വഴിയുള്ള തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് സമൂഹ മാധ്യമം വഴിതന്നെ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമപാലകർ ചമഞ്ഞ് വിഡിയോ കാൾവഴി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം സജീവമായതായും പൊലീസ് അറിയിക്കുന്നു. ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധിപേർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പൊലീസാണെന്നും കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്നാകും ഭീഷണി. നേരത്തെ തട്ടിപ്പിൽപെട്ടവരെയും സംഘം ഭീഷണിപ്പെടുത്തുന്നു.
പൊലീസ് വേഷത്തിലാവും ഇവർ വിഡിയോ കാളിലൂടെയും മറ്റും പ്രത്യക്ഷപ്പെടുക. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരെ കുറിച്ച് ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് മേധാവി ആവശ്യപ്പെട്ടു. സാമ്പത്തികലാഭം വാഗ്ദാനംചെയ്ത് സമൂഹ മാധ്യമത്തിലൂടെ തട്ടിപ്പ് നടക്കുന്നതിനാൽ ജാഗ്രതപാലിക്കണം. സൈബർ തട്ടിപ്പിനിരയായവരെ ലക്ഷ്യം വെച്ചും തട്ടിപ്പുസംഘം രംഗത്തുണ്ട്. ലീഗൽ സർവിസസ് അതോറിറ്റി എന്നപേരിൽ കാളുകൾ വരുന്നതായും ജാഗ്രതപാലിക്കാനും നിർദേശമുണ്ട്.
പൊലീസ് വേഷത്തിൽ വിഡിയോ കാളിൽ പ്രത്യക്ഷപ്പെടുന്ന തട്ടിപ്പുസംഘം മുംബൈ പൊലീസാണെന്ന് പറയും. തുടർന്ന് ബാങ്ക് വിവരങ്ങൾ വാങ്ങിയെടുക്കും. ആധാർ നമ്പറും വാങ്ങും. ഭീഷണിയിൽ ഭയന്നുപോകുന്നവർ യഥാർഥ പൊലീസെന്ന് കരുതി ആവശ്യപ്പെട്ട രേഖകൾ കൈമാറും. ഇതോടെ അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കും. സമൂഹ മാധ്യമം വഴി പൊലീസോ ഉദ്യോഗസ്ഥരോ അന്വേഷണവുമായി വരില്ലെന്നും രേഖകൾ ആവശ്യപ്പെടില്ലെന്നും തട്ടിപ്പിൽ കുടുങ്ങരുതെന്നും പൊലീസ് അറിയിച്ചു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികളെത്തുന്നുണ്ടെങ്കിലും തട്ടിപ്പുസംഘങ്ങളെ കണ്ടെത്തുക പ്രയാസമാണ്. വ്യാജ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.