കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രസിദ്ധമായ നിത്യാനന്ദ ആശ്രമത്തെയും അനുബന്ധ സ്ഥാപനങ്ങളെയും ചൊല്ലി ട്രസ്റ്റി ബോർഡിൽ അവകാശ തർക്കം രൂക്ഷം. വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ട്രസ്റ്റ് ബോർഡ് അംഗങ്ങളെ പൂട്ടിയിട്ടു. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസും സ്ഥലത്തെത്തി. ഒടുവിൽ പ്രശ്ന പരിഹാരത്തിനു കർണാടകയിൽ നിന്നുള്ള ട്രസ്റ്റി ബോർഡ് അംഗങ്ങൾ തയാറായതോടെ പ്രശ്നം തൽക്കാലത്തേക്ക് ഒഴിവായി.
വ്യാഴാഴ്ച രാവിലെയാണ് ആശ്രമമുറ്റത്തും ഓഫിസിലും നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഉഡുപ്പി സ്വദേശിയായ രാമ ചന്ദ്രകോലാർ ചെയർമാനായിട്ടുള്ള 27 അംഗങ്ങളുള്ള ട്രസ്റ്റ് ബോർഡിനാണ് നിത്യാനന്ദാശ്രമത്തിെന്റയും നിത്യാനന്ദ പോളിടെ ക്നിക്, എൻജിനീയറിങ് കോളജ്, സ്കൂൾ എന്നിവയുടെയും നടത്തിപ്പു ചുമതല. കാഞ്ഞങ്ങാട്ടുള്ള പത്തുപേർ ട്രസ്റ്റ് അംഗങ്ങളാണ്. മറ്റുള്ളവരിൽ നാലു മുംബൈ സ്വദേശികളും രണ്ടുപേർ ഉഡുപ്പിക്കാരും മറ്റു പതിനൊന്നുപേർ കർണാടകയിലെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. മഹാരാഷ്ട്രക്കാരായ നാലുപേർ 20 വർഷമായി കാഞ്ഞങ്ങാട്ടേക്ക് തിരിഞ്ഞുനോക്കിയിട്ടേ ഇല്ലെന്നു വിശ്വാസികൾ പറയുന്നു.
നിത്യാനന്ദ പോളിടെക്നിക്കിൽ അടുത്തിടെ നടന്ന മൂന്നു നിയമനങ്ങളെ തുടർന്നാണ് നാട്ടുകാരായ ട്രസ്റ്റി അംഗങ്ങളും പുറമെ നിന്നുള്ളവരും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഇതോടെ തങ്ങൾക്കാണ് ഭൂരിപക്ഷം എന്ന നിലപാടിൽ കർണാടകയിൽ നിന്നുള്ള നരസിംഹകോലാർ, ദിവാകര ഷെട്ടി, നാഗരാജഷെട്ടി തുടങ്ങിയ ട്രസ്റ്റി അംഗങ്ങളും എത്തിയിരുന്നു. ഇതോടെ കാഞ്ഞങ്ങാട് സ്വദേശികളായ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാഴാഴ്ച ആശ്രമത്തിൽ അഖണ്ഡനാമ ഭജന നടക്കുന്നുണ്ട്. ഇതിനായി നിരവധി വിശ്വാസികൾ എത്തിയിരുന്നു.
ഇതിനിടയിലാണ് ട്രസ്റ്റ് ബോർഡ് യോഗം നടത്തുന്നതിനായി കർണാടകയിൽ നിന്നുള്ള 11 അംഗങ്ങൾ എത്തിയത്. ഈ വിവരമറിഞ്ഞ വിശ്വാസികൾ ഇവരെ തടഞ്ഞതോടെ നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. കാഞ്ഞങ്ങാട്ടേതടക്കമുള്ള 18 ഓളം അംഗങ്ങളെയും ചേർത്ത് ഓഫിസിൽ യോഗം ചേർന്നു. ഇതിനിടെ യോഗം നടക്കുന്ന ഓഫിസ് പുറമെനിന്നു പൂട്ടി. നാട്ടുകാരെ അവഗണിച്ചുകൊണ്ട് ട്രസ്റ്റ് ബോർഡിനു മുന്നോട്ടുപോകാനാകില്ലെന്നു പറഞ്ഞാണ് പൂട്ടിയത്. വിവരമറിഞ്ഞ് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ, ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐ കെ.പി. സതീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസുമെത്തി. പുതിയതായി കാഞ്ഞങ്ങാട് സ്വദേശികളെയും ട്രസ്റ്റ് ബോർഡിൽ ഉൾപ്പെടുത്താനും 20 ദിവസത്തിനകം വിശ്വാസികളെ ഉൾപ്പെടുത്തി യോഗം ചേരാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.