കാഞ്ഞങ്ങാട്: പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തു കെട്ടിക്കിടന്ന ശേഷം ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതിനെ തുടർന്ന് ടെസ്റ്റ് ഗ്രൗണ്ടിലും ആർ.ടി.ഒ ഓഫിസിലും ബഹളവും മുദ്രാവാക്യം വിളിയും. സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലുള്ള ആർ.ടി.ഒ ഓഫിസിനു മുന്നിലും ഗുരുവനത്തെ വാഹന ടെസ്റ്റ് ഗ്രൗണ്ടിലുമാണ് തിങ്കളാഴ്ച രാവിലെ മുതൽ ബഹളമുണ്ടായത്.
തിങ്കൾ ,ചൊവ്വ ,വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് ആഴ്ചയിൽ വാഹന ഡ്രൈവിങ് ടെസ്റ്റ് ഗുരുവനം ഗ്രൗണ്ടിൽ നടക്കുന്നത്. പ്രസ്തുത ദിവസങ്ങളിൽ 120 പേർക്ക് വീതമാണ് ഡ്രൈവിങ് ടെസ്റ്റ് അനുവദിച്ചിട്ടുള്ളത്. ഇതിന് മുൻകൂട്ടി ടോക്കൺ നൽകുകയും ചെയ്യുന്നു. തിങ്കളാഴ്ച ടെസ്റ്റിന് എത്തിയ 120 പേരിൽ 60 ഓളം പേർക്ക് മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നൽകിയുള്ളൂ .
ശേഷിച്ച 60 പേർ രാവിലെ മുതൽ ഉച്ചവരെ വരെ കാത്തിരുന്നു. ടെസ്റ്റ് നൽകേണ്ട രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ ഒരാൾ മാത്രമേ ടെസ്റ്റിനുള്ളു എന്നും 60 പേർക്ക് മാത്രമേ ടെസ്റ്റ് നൽകാനാവുകയുള്ളൂ എന്നും ജോലിയിൽ ഹാജരായ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇതോടെയാണ് ടെസ്റ്റ് ലഭിക്കാത്ത 60 പേരും ഡ്രൈവിങ് പരിശീലന കേന്ദ്രം ഉടമകളും ബഹളമുണ്ടാക്കിയത്. ടെസ്റ്റ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയ അപേക്ഷകർ ആർ.ടി.ഒ ഓഫിസിനു മുന്നിലും ഏറെനേരം ബഹളമുണ്ടാക്കി.
പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇതേ അവസ്ഥയാണെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നത്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ കെ. വി ജയൻ രണ്ടാഴ്ച മുമ്പ് സ്ഥലം മാറിപ്പോയി. ഇപ്പോൾ ബാബുരാജ് എന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മാത്രമാണ് ടെസ്റ്റ് എടുക്കാനുള്ളത്. അപേക്ഷകർക്ക് രാവിലെ എട്ടുമണി മുതൽ ടെസ്റ്റ് ആരംഭിച്ച് മൂന്നു മണി ആകുമ്പോഴേക്കും 60 പേർക്ക് മാത്രമേ ടെസ്റ്റ് നൽകാനാകുന്നുള്ളൂ എന്നാണ് പറയുന്നത്.
ഒരു ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയതിനെത്തുടർന്ന് രണ്ടാഴ്ചയായി ഡ്രൈവിങ് ടെസ്റ്റ് താളം തെറ്റുകയും നൂറുകണക്കിനാളുകൾ ദുരിതത്തിലാവുകയും ചെയ്തു. അവധിക്കാലമായതിനാൽ ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. കഠിന ചൂട് അപേക്ഷകരെയും ഉദ്യോഗസ്ഥരെയും വലക്കുന്നുണ്ട്. ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പകരം ഉദ്യോഗസ്ഥനെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.