കാഞ്ഞങ്ങാട്: അലാമിപ്പള്ളി ബസ് ടെർമിനലിലെ മുറികൾ ലേലം ചെയ്യുന്നത് ശനിയാഴ്ച പൂർത്തിയായി. മുഴുവൻ മുറികളും ലേലം പോയി. മൂന്നരക്കോടിയിലേറെ രൂപ നഗരസഭക്ക് ഡെപ്പോസിറ്റിനത്തിൽ കിട്ടി. വർഷങ്ങളായുള്ള പ്രതിസന്ധിക്കാണ് ഇതോടെ അറുതിയായത്. വിവിധ വലിപ്പത്തിൽ ഒന്ന്, രണ്ട് നിലകളിലുള്ള ഹാളുകളാണ് അവസാനദിവസമായ ശനിയാഴ്ച ലേലം വിളിച്ചത്.
രണ്ട് ഹാളുകൾ ലേലത്തിൽ പോയില്ലെങ്കിലും ഇത് എടുക്കാൻ ആളുകൾ തയാറായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൂന്ന് മുറികൾ കുടുംബശ്രീക്കായും മാറ്റിവെച്ചിട്ടുണ്ട്. ഇതൊഴിച്ച് ആകെയുള്ള 85 മുറികൾ മുഴുവൻ 22 മുതൽ ആരംഭിച്ച ലേലം വിളിയിൽ പോയി. 18 മുറികളുടെ ലേലമാണ് വെള്ളിയാഴ്ച നടന്നത്. പട്ടികജാതി-വർഗ വിഭാഗം, കുടുംബശ്രീ, സഹകരണസംഘം എന്നിവക്കും വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്കുമായി മാറ്റിവെച്ച 18 മുറികളും ലേലംപോയി.
ലേലം വിളിയിൽ ഒരു മുറിക്ക് അരലക്ഷം രൂപയാണ് ചുരുങ്ങിയ ഡെപ്പോസിറ്റ് തുക കിട്ടിയത്. ഏറ്റവും കൂടുതൽ കിട്ടിയത് 25 ലക്ഷം രൂപയാണ്. മൂന്നാം ദിവസം വിളിച്ച ലേലത്തിലാണ് ഇതുവരെ വിളിച്ചതിൽ ഏറ്റവും വലിയ തുകയായ 25 ലക്ഷം കിട്ടിയത്. രണ്ടു ഹാളുകൾകൂടി കൈമാറുമ്പോൾ തുക നാലുകോടി കടക്കും.
സൂപ്രണ്ട് ബി. അമിത, റവന്യൂ ഇൻസ്പെക്ടർമാരായ കെ. പ്രമോദ്, ഇ. നവീൻ, ക്ലർക്ക് എൻ. സീമ, ശ്രീദത്ത്, ഓഫിസ് അസിസ്റ്റന്റുമാരായ അഖിലേഷ്, സ്വപ്നലത, ടെക്നിക്കൽ അസി. എം. വിജേഷ് എന്നിവരാണ് ലേലനടപടികൾ നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.