അതിഞ്ഞാലിൽ ഷാജഹാ​ന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിലെ കാറുകൾ കത്തിനശിച്ച നിലയിൽ

വർക്ക് ഷോപ്പിൽ വൻ തീപിടിത്തം; 10 കാറുകൾ കത്തിനശിച്ചു

കാഞ്ഞങ്ങാട്: അതിഞ്ഞാലിൽ വർക്ക് ഷോപ്പിൽ തീപിടിച്ച് 10 കാറുകൾ കത്തിനശിച്ചു. ഷാജഹാന്റെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് മോട്ടോർസ് കാർ വർക്ക് ഷോപ്പിൽ വ്യാഴാഴ്ച രാത്രി 12ഓടെയാണ് സംഭവം. ഷോപ്പിനു മുന്നിലായി പാർക്ക് ചെയ്ത രണ്ടു കാറുകൾ രാത്രി ഷട്ടിൽ കളിക്കാൻ പോകുന്ന യുവാക്കൾ സാഹസികമായി തള്ളിയാണ് സുരക്ഷിത സ്ഥലത്തേക്കു മാറ്റിയത്. ഗ്യാസ് വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന്റെ വ്യാപ്തി കൂടാൻ കാരണം. പ്രദേശമാകെ തീയും പുകയുംകൊണ്ട് മൂടി എന്തുചെയ്യണമെന്നറിയാതെ ജനങ്ങൾ പരിഭ്രാന്തരായി.

വാതക സിലിണ്ടർ പൊട്ടുന്ന ശബ്ദം കൊളവയൽ, മഡിയൻ, മാണിക്കോത്തടക്കമുള്ള സ്ഥലത്തേക്കു കേട്ടതിനെ തുടർന്ന് ഈ ഭാഗങ്ങളിൽ നിന്നടക്കം ജനങ്ങൾ ഓടിയെത്തി.

റോഡിനു തെക്കുഭാഗത്തുള്ള കെട്ടിടത്തിലേക്കു തീ പടർന്ന് ഇതിന്റെ ഒന്നാം നിലയിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കും തീ പിടിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ കെട്ടിടത്തിൽ പ്രവർത്തിച്ച അജാനൂർ വനിത സഹകരണ സംഘം, ബാർബർ ഷോപ്, പടിഞ്ഞാറുഭാഗത്തെ യു.വി. ഹമീദ്, മുഹമ്മദ് എന്നിവരുടെ വീടിന്റെ ജനൽചില്ലുകൾ പൊട്ടിത്തെറിച്ചു. കടയുടെ മുന്നിലെ വൈദ്യുതി തൂണിലെ സർവിസ് വയറുകളും കത്തിനശിച്ചു.

സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയുടെ ആദ്യ സംഘം എത്തിയപ്പോഴേക്കും തീ ഒരു പ്രദേശമാകെ വിഴുങ്ങുമെന്ന നിലയിലായിരുന്നു. മറ്റു രണ്ടു യൂനിറ്റുകളും ഉടൻ കുതിച്ചെത്തി രക്ഷാപ്രവർത്തനം തുടങ്ങി. കാസർകോട് അഗ്നിരക്ഷാ നിലയത്തിൽനിന്നു 12,000 ലിറ്റർ വെള്ളം കൊള്ളുന്ന ബ്രൗസർ വാഹനവും എത്തിച്ചു. അഗ്നിരക്ഷാസേനയുടെ നാലു യൂനിറ്റ് നിരന്തര പരിശ്രമത്തിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സുധീഷ്, ഓഫിസർമാരായ നസീർ, ജീവൻ, ഉമേഷ്, ലിനേഷ്, നിഖിൽ, അനന്ദു, വരുൺരാജ്, ദിലീപ്, ശ്രീകുമാർ, ഹോംഗാർഡ് ബാബു, രാഘവൻ, കാസർകോട് നിലയത്തിലെ നാലോളം ജീവനക്കാർ, സിവിൽ ഡിഫൻസിലെ പ്രദീപ് കുമാർ, അബ്ദുൽസലാം, രതീഷ്, ഷാജി എന്നിവരും പൊലീസും നാട്ടുകാരും കൈമെയ് മറന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം.

Tags:    
News Summary - fire in workshop; 10 cars destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.