കാഞ്ഞങ്ങാട്: വർക്ഷോപ്പിലെ തീപിടിത്തത്തിനിടെ യുവാവിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം ഒഴിവായത് വന്‍ ദുരന്തം. വയറിങ് തൊഴിലാളിയായ എം.സി. ബാഗേഷ് പുതിയകണ്ടത്തെ യങ് വിങ്സ് ക്ലബില്‍നിന്ന് ഞായറാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുശവൻകുന്ന്- പാതിരിക്കുന്ന് റോഡിന് സമീപത്തുള്ള കെ.എം ഓട്ടോമൊബൈല്‍ ഫോര്‍വീലര്‍ ഷോപ്പിന്റെ സമീപത്ത് അഴിച്ചുവെച്ചിരുന്ന വാഹനങ്ങളുടെ സീറ്റുകളില്‍നിന്ന് തീ പുകയുന്നത് ശ്രദ്ധയില്‍പെട്ടത്. പിന്നീട് തീ ആളിക്കത്താന്‍ തുടങ്ങി.
ഉടൻ സമീപത്തുണ്ടായിരുന്ന വീപ്പയില്‍നിന്ന് വെള്ളം കോരിയൊഴിക്കുകയും അതുവഴി കാറിൽ പോവുകയായിരുന്ന ആദൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ ടി.വി. രാജേഷ് കുമാറിനോട് കാര്യം പറയുകയും ചെയ്തു. രാജേഷ് കുമാര്‍ ഉടൻ അഗ്നിരക്ഷസേനയെ വിവരമറിയിച്ചു. ബാഗേഷും എ.എസ്.ഐയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചു.
തുടർന്ന് കാഞ്ഞങ്ങാട്ടുനിന്നെത്തിയ അഗ്നിരക്ഷസേന തീകെടുത്തി. ഈ സമയം വര്‍ക്ഷോപ്പില്‍, അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ട മൂന്ന് കാറുകളും മൂന്ന് ജീപ്പുകളുമുണ്ടായിരുന്നു. തീകെടുത്തുന്നതിനിടയില്‍ ബാഗേഷിന് കാലിന് പൊള്ളലേല്‍ക്കുകയും ചെയ്തു.
യുവാവിന്റെ സന്ദര്‍ഭോചിത ഇടപെടലിനെ എ.എസ്.ഐ അഭിനന്ദിച്ചു. പാതിരിക്കുന്നിലെ ബാലഗോപാലന്റെ മകനാണ് ബാഗേഷ്. സംഭവത്തില്‍ കാല്‍ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വര്‍ക്ഷോപ് ഉടമ വെള്ളരിക്കുണ്ട് സ്വദേശി കെ.എം. ജോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.