കാഞ്ഞങ്ങാട്: കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസർ കമ്പനിയുടെ കാഞ്ഞങ്ങാട്ടെ ഓഫിസ് അടഞ്ഞ നിലയിൽ. കാഞ്ഞങ്ങാട് നഗരത്തിലെ 60 ഓളം പേർ ഇടപാടുകാരായുണ്ട്. ഇടപാടുകാരെ വഞ്ചിച്ചതിന് കമ്പനി ഡയറക്ടർ രാഹുൽ ചക്രപാണി കാസർകോട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതറിഞ്ഞതോടെ ഇടപാടുകാർ സംഘടിച്ച് പൊലീസിൽ പരാതി നൽകാനുള്ള തയാറെടുപ്പിലാണ്. നോർത്ത് കോട്ടച്ചേരിയിലെ സ്ഥാപനമാണ് ആഴ്ചകളായി അടഞ്ഞുകിടക്കുന്നത്. സ്ഥാപനത്തിന്റെ ബോർഡ് അഴിച്ച് കൊണ്ടുപോയി.
ഇവിടെ ഒരു നോട്ടീസ് പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരി 17ന്റെ തീയ്യതി വെച്ചുള്ള നോട്ടീസാണ് പതിച്ചത്. എല്ലാവർക്കും ജനുവരി 30 നകം പണം നൽകുമെന്നായിരുന്നു നോട്ടീസിൽ അറിയിച്ചത്.
എന്നാൽ, അതുണ്ടായില്ല. സ്ഥാപനത്തിൽനിന്ന് പണം കിട്ടാനുള്ളവർ നിരവധി തവണ സ്ഥാപനത്തിൽ പോയെങ്കിലും അടഞ്ഞു കിടക്കുകയാണ്. പത്മ പോളി ക്ലിനിക്കിന് എതിർവശത്തെ സ്ഥാപനമാണ് പൂട്ടിക്കിടക്കുന്നത്. 3000 മുതൽ 10,000 രൂപവരെ നിക്ഷേപിച്ച തുക തിരിച്ചുകിട്ടാനുണ്ട്. ഇത്തരത്തിൽ 600ഓളം പേർക്കെങ്കിലും പണം കിട്ടാനുണ്ടെന്നാണ് പറയുന്നത്. ഇവരിൽ 300 ഓളം പേർ സംഘടിച്ച് വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി തുടർനടപടികൾക്ക് ചർച്ച ആരംഭിച്ചു. ദിവസം 100 മുതൽ 200 രൂപ വരെയാണ് ഇവർ ഏജന്റുമാർ മുഖേന നിക്ഷേപിച്ചിരുന്നത്. എന്നാൽ, തുക കൃത്യമായി കമ്പനിയിൽ എത്തിച്ച ഏജന്റുമാരും ഇപ്പോൾ പ്രതിസന്ധിയിലായി.
ഓഫിസ് അടച്ച് ജീവനക്കാർ മുങ്ങിയതോടെ ഇടപാടുകാർ ഇപ്പോൾ ഏജന്റുമാരെ വിളിച്ചുകൊണ്ടിരിക്കുകയാണ്. പല ഏജന്റുമാരും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മറ്റ് ചില ഏജന്റുമാരാകട്ടെ നിയമനടപടി സ്വീകരിക്കാനാണ് ഇടപാടുകാരോട് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.