കാഞ്ഞങ്ങാട്: ചെറിയ അയല പിടിച്ച് മടക്കര ഹാർബറിൽ എത്തിയ എ.കെ.ജി, ഇന്ത്യൻ എന്നീ തോണികൾ കസ്റ്റഡിയിലെടുത്ത് 10,000 രൂപ വീതം പിഴയീടാക്കി. ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഹാർബർ പട്രോളിങ്ങിലാണ് തോണികൾ പിടികൂടിയത്. എ.കെ.ജി എന്ന തോണിയെ ചൊവ്വാഴ്ച രാവിലെ 10ഓടുകൂടി മടക്കര ഹാർബറിൽനിന്നും അധികൃതരെ കണ്ട് ഹാർബറിൽ മത്സ്യം ഇറക്കാതെ കടന്നുകളയാൻ ശ്രമിച്ച ഇന്ത്യൻ എന്ന് പേരുള്ള തോണിയെ പിന്തുടർന്ന് മാവിലാ കടപ്പുറത്തുനിന്ന് രാവിലെ 11നുമാണ് പരിശോധകസംഘം പിടികൂടിയത്.
ഇരു തോണിയിലുമായി ആറു മുതൽ എഴുവരെ സെന്റി മീറ്റർ വലുപ്പമുള്ള 500 കിലോയോളം ചെറു അയലകളായിരുന്നു ഉണ്ടായിരുന്നത്. കുറഞ്ഞത് 14 സെന്റിമീറ്റർ വലുപ്പമുള്ള അയല മാത്രമേ പിടിക്കാൻ പാടുള്ളൂ എന്ന ചട്ടം നിലനിൽക്കെയാണ് പാതി പോലും വലുപ്പമില്ലാത്ത മീൻ പിടിച്ചത്. പിടികൂടിയ മത്സ്യം അധികൃതർ കടലിൽ ഒഴുക്കിക്കളഞ്ഞു. ഫിഷറീസ് അസി. ഡയറക്ടർ പി.വി. പ്രീതയുടെ നിർദേശ പ്രകാരം ജില്ല ഫിഷറീസ് ഓഫിസിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന.
പരിശോധക സംഘത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ അർജുൻ, റെസ്ക്യൂഗാർഡുമാരായ മനു, അജീഷ്, ഹാർബർ ഗാർഡുമാരായ അക്ബർ അലി, പ്രിജിത്ത്, തീരദേശ പൊലീസുകാരായ രതീഷ്, സുരേഷ്, കോസ്റ്റൽ വാർഡൻ ദിവിഷ്, സ്രാങ്ക് ഷൈജു, അസി. സ്രാങ്ക് പ്രദോഷ് എന്നിവരാണ് ഉണ്ടായിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ഉണ്ടായിരിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.