കാഞ്ഞങ്ങാട്: നഗരസഭയിലെ അംഗൻവാടികളിലേക്കുള്ള ഫണ്ട് മുടങ്ങിയിട്ട് നാലുമാസമായി എന്ന പരാതിയിൽ അന്വേഷണം നടത്തി ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ല കമ്മിറ്റി. കാഞ്ഞങ്ങാട് നഗരസഭയിലെ 53 അംഗൻവാടികളിലെ കുട്ടികൾക്ക് ഭക്ഷണച്ചെലവിനുള്ള പണമാണ് മുടങ്ങിയത് എന്ന ‘മാധ്യമം’വാർത്തയെ തുടർന്നാണ് നടപടി. വാർത്തയിലെ വാസ്തവം തിരിച്ചറിയാൻ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതയേയും വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ലയേയും നേരിട്ടുകണ്ട് വിഷയത്തെക്കുറിച്ച് സംസാരിച്ചു. എന്നാൽ, ഇത്തരം ഒരു പരാതി നഗരസഭ മുമ്പാകെ എത്തിയില്ലെന്നാണ് നഗരസഭ അധ്യക്ഷ ഭാരവാഹികളോട് വ്യക്തമാക്കിയത്. ചില സാങ്കേതിക തകരാറുകൾ മൂലമുള്ള പ്രശ്നങ്ങളാണുള്ളത്. മുമ്പ് മുട്ട, പാൽ എന്നിവ വിതരണംചെയ്ത വിതരണക്കാരുമായുള്ള എഗ്രിമെന്റ് കാലാവധി കഴിയുകയും ഇലക്ഷൻ പ്രോട്ടോകോൾ നിലനിന്നിരുന്നതിനാൽ പുതിയ ടെൻഡർ നടപടികളിലേക്ക് കടക്കാൻകഴിയാത്ത സാഹചര്യവുമുണ്ടായി. നഗരസഭ തനതു ഫണ്ടും ഉപയോഗിക്കാൻകഴിയാത്ത സാഹചര്യത്തിലാണ് ഈയവസ്ഥയുണ്ടായത്. ഇത് കോഓഡിനേറ്റ് ചെയ്യുന്ന ഓൺലൈൻ പോർട്ടലിൽ ചില മാറ്റങ്ങളും വന്നതിനാൽ ഫണ്ട് ലഭിക്കാൻ കാലതാമസമുണ്ടായി. ഇത് പരാതിയായി വരാത്തതിനാൽ ശ്രദ്ധേയിൽപെട്ടില്ല. ഒരാഴ്ചക്കകം നിലവിലുള്ള സാങ്കേതികപ്രശ്നങ്ങൾ തീർത്ത് പരിഹാരമുണ്ടാക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു.
ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ല പ്രസിഡന്റ് മജീദ് അമ്പലത്തറ, കോഓഡിനേറ്റർ ഷോബി ഫിലിപ്, സംസ്ഥാന പ്രസിഡന്റ് സി.കെ. നാസർ കാഞ്ഞങ്ങാട് എന്നിവരാണ് നഗരസഭ ജനപ്രതിനിധികളെ കണ്ടത്. ജീവനക്കാർ സ്വന്തമായി പണമെടുത്താണ് ദൈനംദിന ചെലവിനുള്ള തുക കണ്ടെത്തുന്നത്. ഇത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
അംഗൻവാടികളിൽ പാൽ, മുട്ട, പാചകവാതകം, മുളക്, കടുക്, വെളിച്ചെണ്ണ തുടങ്ങിയവ വാങ്ങാനുള്ള പണമാണ് നാലുമാസമായി ലഭിക്കാത്തത്. മാർച്ച് മുതൽ പണം നൽകിയിട്ടില്ല. ചെറിയ ശമ്പളം ലഭിക്കുന്ന ജീവനക്കാർ ഇപ്പോൾ പണം സ്വന്തമായെടുത്താണ് സാധനസാമഗ്രികൾ വാങ്ങുന്നത്. സാധാരണയായി കടകളിൽനിന്ന് കടം വാങ്ങുകയാണ് പതിവ്. മാസാവസാനം ബിൽ പാസായിവരുമ്പോഴാണ് ഇവ നൽകുന്നത്. എന്നാൽ, ഫണ്ട് പാസാകാത്തതിനാൽ കടകളിൽനിന്ന് കടം ലഭിക്കുന്നത് നിലച്ചു. ഇതോടെയാണ് സ്വന്തമായി തുക കണ്ടെത്തേണ്ട സ്ഥിതിവന്നത്.
ഇനി അതും സാധിക്കാത്ത സ്ഥിതിയാണെന്ന് ജീവനക്കാർ പറഞ്ഞു. അംഗൻവാടികളിലെത്തുന്ന കുട്ടികളെ പട്ടിണിക്കിടാൻ മനസ്സനുവദിക്കാത്തതിനാൽ വീട്ടിലെ ചെലവുപോലും നോക്കാതെയാണ് ഇവർ പണം മുടക്കുന്നത്. നഗരസഭയോട് പ്രശ്നം അവതരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും പണം അനുവദിച്ചുനൽകാൻ ബന്ധപ്പെട്ടവർ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.